കോവിഡ്19 ബാധിതരല്ലെന്നു തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ്: അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി വിദേശകാര്യ മന്ദ്രാലയത്തിന് നിവേദനം

0 193

 


ന്യൂ ഡൽഹി:   ഇന്ത്യ അടക്കം 10 രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കു വരുന്ന വ്യക്തികൾ എംബസി അംഗീകരിച്ചിട്ടുള്ള വൈദ്യപരിശോധനാ കേന്ദ്രങ്ങളിൽ നിന്നും കോവിഡ്19 ബാധിതരല്ലെന്നു തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കുവൈത്ത് വ്യോമയാന അതോറിറ്റി പുറത്തിറക്കിയ സർക്കുലറിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ടു പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു.
മാർച്ച് 8 മുതൽ കുവൈറ്റിലേക്ക് തിരിച്ചു വരുന്ന 10 രാജ്യക്കാർക്കാണ് നിലവിൽ ഈ ഉത്തരവ് ബാധകമാവുക.
കുവൈത്ത് എംബസിയുടെ അംഗീകാരമുള്ള ചുരുക്കം ചില വൈദ്യപരിശോധന കേന്ദ്രങ്ങളിൽ മാത്രമാണ് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം നിലവിൽ ഉള്ളത്. ഇതിൽ വളരെ ചുരുക്കം ചില പരിശോധനാ കേന്ദ്രങ്ങൾക്ക് മാത്രമേ രക്ത സാമ്പിളുകൾ പരിശോധിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടില്ല എന്ന റിപ്പോർട്ട് നൽകുവാനുള്ള അധികാരമുള്ളൂ. കൂടുതൽ കേന്ദ്രങ്ങളിലും പരിശോധന ഫലം സാക്ഷ്യപെടുത്തുവാനായി പുന്നെയിലുള്ള വൈറോളജി സെന്ററിലേക്ക് അയച്ചുകൊടുക്കുകയും അനുമതി നേടുകയും വേണം.
ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ പ്രവാസികളുള്ള കേരളത്തിൽ പോലും ആലപ്പുഴ വൈറോളജി സെന്ററിനു മാത്രമാണ് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്തുവാനും, വൈറസ് ബാധ്യത ഇല്ല എന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നല്കുവാനുമുള്ള അംഗീകാരം ഉള്ളത്. എന്നിരുന്നാലും പുണെ വൈറോളജി സെന്ററിന്റെ അനുമതിയില്ലാതെ മെഡിക്കൽ സെര്ടിഫിക്കറ്റുകൾ നൽകുവാനുള്ള അനുമതി ഇല്ല. ഇത് പ്രവാസി ഇന്ത്യക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വളരെയധികം സമയനഷ്ടം ഉണ്ടാക്കുകയും കുവൈറ്റിലേക്ക് മടങ്ങി പോകുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
അടിയന്തര ആവശ്യങ്ങൾക്കും, വേനൽക്കാല അവധിക്കും, മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിൽ വന്നിട്ടുള്ള പ്രവാസികൾ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. മാർച്ച് 8 ന് മുൻപ് കുവൈറ്റിലേക്ക് തിരിച്ചുപോകുക എന്ന പോംവഴി മാത്രമാണ് ഇവരുടെ മുൻപിലുള്ളത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചത്.
സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുന്ന സംവിധാനം ഇന്ത്യയിൽ ഉണ്ടാക്കണമെന്നും, കേന്ദ്ര വിദേശ കാര്യ മന്ത്രാലയം കുവൈറ്റ് സർക്കാരുമായി അടിയന്തിരമായി ചർച്ചകൾ നടത്തി കുറഞ്ഞ ദിവസത്തെ റസിഡൻസ് വിസ/ഇഖാമ കാലാവധി ഉള്ളവർക്ക് കുവൈറ്റിലേക്ക് തിരിച്ച് പ്രവേശിക്കാൻ തടസ്സം ഉണ്ടാകാതെ നോക്കണമെന്നും, അവധി കഴിഞ്ഞ് നിശ്ചിത തീയതിക്കു ശേഷം ജോലിക്കായി മടങ്ങിവരുന്ന പ്രവാസി ഇന്ത്യക്കാരുടെ ജോലി സുരക്ഷ ഉറപ്പുവരുത്തണമെന്നും പ്രവാസി ലീഗൽ സെൽ വിദേശമന്ദ്രാലത്തിന് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നിവേദനം അതിന്റെ ഗൗരവത്തോട് കൂടി സ്വീകരിക്കുന്നുവെന്നും കുവൈറ്റിലെ എംബസി മുഖേനെ വേണ്ടത്ര നടപടികൾ സ്വീകരിച്ചു അതിന്റെ പുരോഗതികൾ വേഗത്തിൽ അറിയിക്കാമെന്നും ഗൾഫിന്റെ ചുമതലയുള്ള വിദേശകാര്യമന്ത്രലായ ജോയിന്റ് സെക്രട്ടറി ഡോ: നാഗേന്ദ്രപ്രസാദ് പ്രവാസി ലീഗൽ സെല്ലിന് നൽകിയ മറുപടിയിൽ അറിയിച്ചു.

Get real time updates directly on you device, subscribe now.