തൃശൂര്‍: കോവിഡ് 19പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒല്ലൂര്‍ വൈലോപ്പിള്ളി ശ്രീധര മേനോന് മെമ്മോറിയല്‍ ഗവണ്മെന്റ് വൊക്കേഷനല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പേപ്പര്‍ സോപ്പ് നിര്‍മ്മിച്ച് താരങ്ങളായി.
ഡെറ്റോള്‍ സോപ്പ് ട്രെയിസിങ് പേപ്പറില്‍ പതിപ്പിച്ച്, ട്രേസിങ് പേപ്പര്‍ തീരെ ചെറിയ കഷണങ്ങളാക്കി മാറ്റിയാണ് പേപ്പര്‍ സോപ്പ് നിര്‍മ്മാണം. പത്ത് കഷണങ്ങളാക്കിയാണ് ഒരു ട്രേസിങ് പേപ്പറിനെ മുറിക്കുന്നത്. ഇങ്ങനെ മുറിച്ചു കഷണങ്ങളാക്കിയ ട്രേസിംഗ് പേപ്പറുകള്‍ സ്റ്റേപ്പിള്‍ ചെയ്ത് ഉറപ്പിച്ച് കൂടെ കൊണ്ടു നടക്കാം. ഏതു സമയത്തു വേണമെങ്കിലും ഓരോ കഷണങ്ങള്‍ ഉപയോഗിക്കാം. ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാല്‍ പേപ്പര്‍ അലിഞ്ഞു പോകും.
ഡെറ്റോള്‍ നല്ലൊരു അണുവിമുക്ത ഉപാധിയായതു കൊണ്ടാണ് ഇത് ഉപയോഗിച്ചു കൊണ്ടുള്ള പേപ്പര്‍ സോപ്പ് നിര്‍മ്മിക്കുന്നത്. കടലാസു കൊണ്ട് നിര്‍മ്മിക്കുന്നതിനാല്‍ മലിനീകരണവും ഒരു പരിധിവരെ തടയാന്‍ സാധിക്കും. ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റായ ‘കൂടെ’ യാണ് പേപ്പര്സോപ്പ് നിര്‍മ്മിച്ചത്. ഇതിനു പുറമേ അമ്മമാരുടെ സഹകരണത്തോടെ തുണികൊണ്ടുള്ള മാസ്ക്കുകള്‍ തയ്ക്കുന്നുണ്ട്.