കോവിഡ് 19: ആശങ്കകള്‍ക്ക് വൈകാതെ പരിഹാരമാകുകും; നൊബേല്‍ ജേതാവ് മൈക്കേല്‍ ലെവിറ്റ്
എല്ലാവരും ഭയപ്പെടുന്നതുപോലെ കൊറോണ നാശം വിതയ്ക്കില്ലെന്നും അധികം വൈകാതെ ആശങ്കകള്‍ക്ക് പരിഹാരമാകുമെന്നും നൊബേല്‍ ജേതാവും സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബയോഫിസിസ്റ്റുമായ മൈക്കേല്‍ ലെവിറ്റ് പറയുന്നു. കൊറോണ വൈറസ് ചൈനയില്‍ വിതയ്ക്കാവുന്ന നാശനഷ്ടം സംബന്ധിച്ച് ഏറെക്കുറെ കൃത്യമായ പ്രവചനം നടത്തിയ വ്യക്തിയാണ് ലെവിറ്റ്. ആ നിലയിലാണ് ലെവിറ്റിന്റെ പ്രവചനം ശ്രദ്ധേയമാകുന്നത്. ലോകത്തെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ സമയം പിന്നിട്ടെന്നാണ് കരുതുന്നതെന്നും എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ നിലവില്‍ കൈക്കൊണ്ടിട്ടുള്ള മുന്‍കരുതലുകള്‍ തുടരേണ്ടത് അത്യന്താപേക്ഷിതമാണെന്നും ലെവിറ്റ് പറഞ്ഞു.
ചൈനയില്‍ കൊറോണ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ പോലും കൃത്യമായ ഒരു പ്രവചനത്തിന് തയ്യാറാകാതിരുന്ന ഘട്ടത്തിലാണ് ലെവിറ്റ് ഇതുസംബന്ധിച്ച നിഗമനങ്ങള്‍ പുറത്തുവിട്ടത്. ജനുവരി മാസം റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പരിശോധിച്ച ശേഷം ഫെബ്രുവരി ആദ്യവാരത്തിലായിരുന്നു ലെവിറ്റ് തന്റെ നിഗമനത്തെക്കുറിച്ച് പറഞ്ഞത്. പ്രതിദിനം പുറത്തുവരുന്ന പുതിയ രോഗികളും എണ്ണത്തില്‍ കാര്യമായ കുറവു കാണുന്നുണ്ടെന്നും അതുകൊണ്ടു തന്നെ വരുന്ന ഒരാഴ്ചക്കുള്ളില്‍ തന്നെ മരണനിരക്കില്‍ കുറവു വരുമെന്നുമാണ് അദ്ദേഹം പ്രവചിച്ചത്.
ചൈനയില്‍ ആകെ ഏതാണ്ട് 80,000 ആളുകളെ കൊവിഡ് പിടികൂടുമെന്നും ഏതാണ്ട് 3,250 മരണങ്ങള്‍ സംഭവിക്കുമെന്നും ലെവിറ്റ് പറഞ്ഞിരുന്നു. ദശലക്ഷകണക്കിനു പേരെ രോഗം പിടികൂടുമെന്ന് ആരോഗ്യ വിദഗ്ദ്ധരും ഭരണകൂടവും ആശങ്കപ്പെട്ടിരുന്ന ഘട്ടത്തിലായിരുന്നു ലേവിറ്റിന്റെ പ്രസ്‌താവന. ഇതുവരെ ലഭ്യമായ അവസാന കണക്കുകള്‍ അനുസരിച്ച് 3,277 മരണങ്ങളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 81,171 പേരാണ് കൊവിഡ് ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്.
കൊവിഡ് ബാധയുടെ തോത് കുറയുമെന്നാണ് ലെവിറ്റിന്റെ പ്രവചനം. പ്രതിദിനം അമ്ബതിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 78 രാജ്യങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുമ്ബോള്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാണെന്ന് ലെവിറ്റ് പറയുന്നു. ഒരു രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണമല്ല, മറിച്ച് പുതിയ കേസുകളുടെ അടിസ്ഥാനത്തിലാണ് ലെവിറ്റിന്റെ പ്രവചനം. പരിശോധനകള്‍ കൃത്യമല്ലാത്തതിനാല്‍ പല രാജ്യങ്ങളിലെയും കണക്കുകളില്‍ കൃത്യത കുറവാകാനുള്ള സാധ്യതകള്‍ കൂടുതലാണെങ്കിലും പതുക്കെയുള്ള തിരിച്ചുവരവിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തരം വൈറസായതിനാലും പ്രതിരോധ മരുന്ന് പുറത്തു വന്നിട്ടില്ലാത്തതിനാലും കോവിഡിന്റെ കാര്യത്തില്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്ന പ്രതിരോധങ്ങള്‍ തുടരേണ്ടതാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിച്ച് ഒത്തുകൂടലുകള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും ലെവിറ്റ് മുന്നറിയിപ്പ് നല്‍കി.
2013ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച വ്യക്തിയാണ് ലെവിറ്റ്. കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം കേരളം സന്ദര്‍ശിച്ചിരുന്നു. കേരള സര്‍വകശാലയില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം സര്‍ക്കാരിന്റെ അതിഥിയായി കേരളത്തിലെത്തിയത്.