സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കുഞ്ഞിന് കോവിഡ് ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമല്ല.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നാലുമാസം പ്രായമായ കുഞ്ഞിെന്റ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടി അതിഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിയത്.
ഹൃദയം സ്തംഭിച്ച അവസ്ഥയിലെത്തിയ കുട്ടിയെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാവിലെയും ഹൃദയസ്തംഭനമുണ്ടായി. മാനസിക വളര്‍ച്ചക്കുറവുള്ള കുട്ടിക്ക് ഹൃദ്രോഗവുമുണ്ടെന്നും അറിയിച്ചിരുന്നു. അതേസമയം, കുട്ടിക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമ്മക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ല.
പെണ്‍കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കളും ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം 47 പേര് നിരീക്ഷണത്തില്‍ ആയി. 14 ബന്ധുക്കളില്‍ 11 പേര് ആശുപത്രിയിലും ബാക്കി മൂന്നുപേര്‍ വീട്ടിലുമാണ് നിരീക്ഷണത്തിലുള്ളത്.