കൊവിഡ് രോഗം മറച്ചുവച്ച്‌ വിദേശത്ത് നിന്നെത്തിയവര്‍ക്കെതിരെ കേസെടുത്തു

0 719

കൊവിഡ് രോഗം മറച്ചുവച്ച്‌ വിദേശത്ത് നിന്നെത്തിയവര്‍ക്കെതിരെ കേസെടുത്തു

കൊല്ലം: കൊവിഡ് ബാധിതരാണെന്ന കാര്യം മറച്ചുവച്ച്‌ വിദേശത്ത് നിന്നെത്തിയവര്‍ക്കെതിരെ കേസെടുത്തു. കെഎസ്‌ആര്‍ടിസി ബസിലെ ഇവരുടെ സംഭാഷണം ശ്രദ്ധിച്ച സഹയാത്രികനാണ് ഇത് സംബന്ധിച്ച്‌ അധികൃതര്‍ക്ക് വിവരം നല്‍കിയത്. മെയ് 16 ശനിയാഴ്ച അബൂദബിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ കൊല്ലം സ്വദേശികളായ പ്രവാസികളില്‍ മൂന്നുപേരാണ് രോഗം മറച്ചുവെച്ചത്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കെഎസ്‌ആര്‍ടിസി ബസില്‍ ഇവരുടെ സ്വദേശമായ കൊട്ടാരക്കരയിലേക്ക് ക്വാറന്റൈനില്‍ കഴിയാന്‍ കൊണ്ടുപോകവേയാണ് ഇവര്‍ നേരത്തേ രോഗബാധിതരാണെന്ന വിവരം പുറത്തായത്. ബസില്‍ ഇവര്‍ തമ്മിലുളള സംഭാഷണത്തിനിടെ രോഗവിവരം സംസാരിക്കുന്നത് കേട്ട സഹയാത്രികരില്‍ ഒരാള്‍ ഇക്കാര്യം പോലിസിനെ അറിയിക്കുകയായിരുന്നു. കൊട്ടാരക്കരയിലെ കിലയിലായിരുന്നു ഇവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. ഇവിടെ എത്തിയപ്പോഴേക്കും ഇവര്‍ അവശരായി. തുടര്‍ന്ന് അവിടെയുളള ആരോഗ്യപ്രവര്‍ത്തകരും സംശയം പ്രകടിപ്പിച്ചു, പോലിസ് ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് പാരിപ്പളളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി സ്രവം പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

അബൂദബിയില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇത് മറച്ചുവെച്ചാണ് ഇവര്‍ യാത്ര ചെയ്തത്. കൂടാതെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോഴും ഇക്കാര്യം പറഞ്ഞില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിലെ അഞ്ചുപേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാരെ എല്ലാവരെയും പരിശോധിക്കാനുളള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. 12 കുട്ടികളടക്കം 170 യാത്രക്കാരാണ് ഈ വിമാനത്തില്‍ എത്തിയത്. രോഗവിവരം മറച്ചുവെക്കുകയും മറ്റുളളവര്‍ക്ക് പടരാന്‍ കാരണമാകും വിധത്തില്‍ യാത്ര ചെയ്തതിനും ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുത്തതായി കൊട്ടാരക്കര പോലിസ് അറിയിച്ചു.