കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ വിവാഹം; കോണ്‍ഗ്രസ് നേതാവിനും മകനുമെതിരെ എഫ്‌ഐആര്‍

0 434

ബംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ മകന്റെ വിവാഹ ചടങ്ങുകള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ടി. പി പരമേശ്വര്‍ നായിക്കിനെതിരെയും മകന്‍ ഭരതിനെതിരെയും ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ വിവാഹം സംഘടിപ്പിച്ചതിന് ദേവാംഗിരി പോലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നേതാവിന്റെ മകന്‍ ഭരതിന്റെ വിവാഹത്തില്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം നൂറിലധികം ആളുകളാണ് പങ്കെടുത്തതെന്ന് പോലീസ് പറഞ്ഞു. പങ്കെടുത്തവര്‍ മാസ്‌ക് ധരിക്കുകയോ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്തില്ലെന്നും പോലീസ് വ്യക്തമാക്കി.

 

വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാവിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്.നിലവില്‍ പൊതുചടങ്ങുകളില്‍ 50-ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.