കോവിഡ് പ്രതിസന്ധി കാരണമുള്ള വരുമാനക്കുറവ് നികത്താൻ മദ്യത്തിന്റെ നികുതി 10 മുതൽ 35 ശതമാനംവരെ കൂട്ടാൻ നികുതിവകുപ്പ് ശുപാർശചെയ്തു

0 1,003

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാരണമുള്ള വരുമാനക്കുറവ് നികത്താൻ മദ്യത്തിന്റെ നികുതി 10 മുതൽ 35 ശതമാനംവരെ കൂട്ടാൻ നികുതിവകുപ്പ് ശുപാർശചെയ്തു. എല്ലാത്തരം മദ്യങ്ങൾക്കും ബിയറിനും വിലകൂടും.
മദ്യവിൽപ്പനശാലകൾ തുറക്കുന്നതോടെ കൂടിയ നികുതിയും നിലവിൽവരും. ഇതിനായി വിൽപ്പനനികുതി (കെ.ജി.എസ്.ടി.) നിയമത്തിൽ മാറ്റംവരുത്തി ഓർഡിനൻസ് ഇറക്കണം. ഇക്കാര്യം മന്ത്രിസഭ ചർച്ചചെയ്ത് തീരുമാനിക്കും. വിൽപ്പനയിൽ കുറവ് വന്നില്ലെങ്കിൽ വർഷം പരമാവധി 600-700 കോടിരൂപവരെ അധികവരുമാനമാണ് നികുതിവകുപ്പ് കണക്കാക്കുന്നത്.
കെയ്‌സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുന്നത്. 400 രൂപ വിലയുള്ള കെയ്‌സിന് 35 ശതമാനം നികുതി കൂട്ടും. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും.
ഒരു കെയ്‌സിൽ മദ്യത്തിന്റെ അളവിന്റെ അടിസ്ഥാനത്തിൽ കുപ്പികളുടെ എണ്ണം വ്യത്യസ്തമായിരിക്കും. 750 മില്ലി ലിറ്റർ കുപ്പികളാണെങ്കിൽ 12-ഉം ഒരു ലിറ്ററാണെങ്കിൽ ഒമ്പതും കുപ്പികളുണ്ടാവും.
വരുമാനക്കുറവ് നികത്താൻ മറ്റുപല സംസ്ഥാനങ്ങളും നികുതി കൂട്ടിയിരുന്നു. ഡൽഹിയിൽ 70 ശതമാനം കൂട്ടി. കേരളത്തിൽ മദ്യനികുതി താരതമ്യേന കൂടുതലാണ്. 78 മുതൽ 212 ശതമാനംവരെയാണ് ഇവിടെ നിലവിലെ നികുതി. ഫാക്ടറിയിൽനിന്നു കിട്ടുന്ന വിലയ്ക്കുമുകളിൽ എക്‌സൈസ് ഡ്യൂട്ടിയും ചേർന്ന തുകയിലാണ് നികുതി നിശ്ചയിക്കുന്നത്.