കോവിഡ്:ടെസ്റ്റ് ക്രിക്കറ്റിൽ മാറ്റങ്ങൾ ഐസിസി

0 313

കോവിഡ്:ടെസ്റ്റ് ക്രിക്കറ്റിൽ മാറ്റങ്ങൾ ഐസിസി

 

ജനപ്രിയ കായിക വിനോദമായ ക്രിക്കറ്റിന്റെ  കോവിഡാനന്തരകാലം പഴയതുപോലെയാകില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ സംബന്ധിച്ച്‌ ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്ന കളിക്കാര്‍ക്ക് സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. കൂടാതെ ഫാസ്റ്റ് ബൌളര്‍മാര്‍ക്ക് തുപ്പല്‍ ഉപയോഗിച്ച്‌ പന്തിന്‍റെ സീം വര്‍ദ്ധിപ്പിക്കാനും ഇനി സാധിക്കില്ല. കൂടാതെ പ്രാദേശിക അംപയര്‍മാരെ ടെസ്റ്റ് മത്സരത്തിന് ഉപയോഗിക്കാനും ഐസിസി അനുമതി നല്‍കി.

 

ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നത് ന്യൂട്രല്‍ അംപയര്‍മാരായിരുന്നു എന്നാല്‍ പുതിയ സാഹചര്യത്തില്‍ ആതിഥേയ രാജ്യത്തിലെ അംപയര്‍മാര്‍ക്ക് മത്സരം നിയന്ത്രിക്കാന്‍ ഐസിസി അനുമതി നല്‍കി. ഇതിനര്‍ത്ഥം ഐ‌സി‌സിയുടെ എലൈറ്റ് പാനലിന് പുറത്തുള്ള അമ്ബയര്‍‌മാര്‍‌ക്ക് ടെസ്റ്റ് മത്സരം നിയന്ത്രിക്കാന്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ്. ഇനി പ്രാദേശിക അംപയര്‍മാരുടെ തീരുമാനത്തില്‍ പിഴവുണ്ടെന്ന് മാച്ച്‌ റഫറിക്ക് തോന്നിയാല്‍ അധികമായി ഒരു ഡിആര്‍എസ്(തീരുമാനം റിവ്യൂ ചെയ്യുന്ന സംവിധാനം) അനുവദിക്കും. നിലവില്‍ മൂന്നു ഡിആര്‍എസുകളാണ് ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ അനുവദിക്കുന്നത്.

കോവിഡ് കാലത്ത് കാണികളുടെ എണ്ണം കുറയുന്നതുമൂലമുള്ള നഷ്ടം പരിഹരിക്കാന്‍ കാണികളുടെ ജഴ്സിയില്‍ സ്പോര്‍ണ്‍സറുടെ പരസ്യം ചേര്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ടെസ്റ്റ് ജേഴ്സിയുടെ നെഞ്ചില്‍ ഒരു അധിക സ്പോണ്‍സര്‍ ലോഗോയാണ് അനുവദിച്ചത്. ബ്രാന്‍ഡിംഗ്, ഐസിസി നിയമങ്ങള്‍ പ്രകാരം 32 ചതുരശ്ര ഇഞ്ച് കവിയാന്‍ പാടില്ല

 

അപ്രതീക്ഷിതമല്ലെങ്കിലും, ക്രിക്കറ്റ് പന്തുകളില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് ബോഡിയുടെ തീരുമാനം ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വലിയ തിരിച്ചടിയാണ്. ഉമിനീര്‍ അല്ലെങ്കില്‍ വിയര്‍പ്പ് ഉപയോഗിച്ച്‌ പന്തിന്‍റെ തിളക്കം കൂട്ടി സ്വിങ് കൈവരിക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുമായിരുന്നു ഇതുവരെ. എന്നാല്‍ ഇനിയത് അനുവദിക്കില്ല. ഇതോടെ ഏറ്റവും അപകടകരമായ റിവേഴ്സ് സ്വിങ് പോലെയുള്ള പന്തുകളെറിയാന്‍ പേസര്‍മാര്‍ക്ക് സാധിക്കാതെ വന്നേക്കും. 1970 കളുടെ അവസാനത്തില്‍ പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ സര്‍ഫ്രാസ് നവാസ് ആണ് ബാറ്റ്സ്മാന്‍മാരെ വല്ലാതെ കുഴയ്ക്കുന്ന റിവേഴ്സ് സ്വിങിന് തുടക്കമിട്ടത്. പിന്നീട് പാക് താരങ്ങളായ ഇമ്രാന്‍ ഖാനും വസിം അക്രം, വഖാര്‍ യൂനിസ് എന്നിവരും ഇത് തുടര്‍ന്നു.നിലവിലെ ഐസിസി നിയമങ്ങള്‍ ക്രിക്കറ്റ് ബോള്‍ തിളങ്ങാന്‍ വിദേശ വസ്തുക്കളുടെ ഉപയോഗം അനുവദിക്കാത്തതിനാല്‍ റൂള്‍ മാറ്റം ഫാസ്റ്റ് ബൗളര്‍മാരെ പ്രതിസന്ധിയിലാക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഗ്രീസ്, ഹെയര്‍ വാക്സ് അല്ലെങ്കില്‍ ഓയില്‍ എന്നിവ ഉപയോഗിച്ചു പന്തില്‍ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ അനുവാദമില്ല, അതിനാലാണ് വിയര്‍പ്പ്, ഉമിനീര്‍ തുടങ്ങിയ ശാരീരിക ദ്രാവകങ്ങളെ മാത്രം ആശ്രയിച്ച്‌ ഇത്രയുംകാലം ഇങ്ങനെ ചെയ്തിരുന്നത്.

അക്രമിന്‍റെയും വഖാറിന്‍റെയും കാലത്തിനുശേഷവും നിരവധി ഫാസ്റ്റ് ബൌളര്‍മാര്‍ റിവേഴ്സ് സ്വിംഗിനെ കൂടുതല്‍ ആശ്രയിച്ചിരുന്നു. ശ്രദ്ധേയമായ ഒരു ഉദാഹരണം 2005 ലെ ആഷസ് ആണ്. സൈമണ്‍ ജോണ്‍സിന്റെയും ആന്‍ഡ്രൂ ഫ്ലിന്റോഫിന്റെയും ഇംഗ്ലീഷ് പേസ് നിര ശക്തരായ ഓസ്‌ട്രേലിയക്കാരെ ശരിക്കും വെള്ളംകുടിപ്പിച്ചു. 80 വര്‍ഷത്തിനിടെ ഇംഗ്ലണ്ട് ആദ്യമായി ആഷസ് നേടിയതും പേസര്‍മാരുടെ റിവേഴ്സ് സ്വിങ് കരുത്തിലാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ സഹീര്‍ ഖാന്‍ ആണ് ആദ്യമായി ഇത് സ്ഥിരമായി ഉപയോഗിച്ചത്. പിന്നീട് ഇര്‍ഫാന്‍ പത്താനും റിവേഴ്സ് സ്വിങ് ആയുധമാക്കി. നിലവില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഉമേഷ് യാദവും റിവേഴ്‌സ് സ്വിംഗ് ഫലപ്രദമായി ഉപയോഗിക്കുന്നവരാണ്.