കൊവിഡ് ചതിച്ചു, ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ തൊഴില്‍രഹിതരായ ‘ആനകള്‍’ കൂട്ടത്തോടെ കാടുകയറി

0 1,782

കൊവിഡ് ചതിച്ചു, ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ തൊഴില്‍രഹിതരായ ‘ആനകള്‍’ കൂട്ടത്തോടെ കാടുകയറി

 

ബാങ്കോക്ക് : കൊവിഡിന്റെ വരവോടെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. ജോലിയില്ലാതെ മനുഷ്യര്‍ പ്രതിസന്ധിയിലായിരിക്കുമ്ബോള്‍ തായ്‌ലന്‍ഡില്‍ ‘ തൊഴില്‍ രഹിതരായ ‘ ആനകള്‍ കാടുകളിലേക്ക് മടങ്ങുകയാണ്. ടൂറിസം മേഖലകളിലും സാങ്‌ചറികളിലും ഉപയോഗിച്ച്‌ വന്നിരുന്ന 100 ലേറെ ആനകള്‍ക്കാണ് ഇപ്പോള്‍ കൊവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

 

തായ്‌ലന്‍ഡിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ആന സവാരി. എന്നാല്‍ ടൂറിസ്റ്റുകളുടെ വരവ് നിന്നതോടെ ആനകളെ സംരക്ഷിക്കാനുള്ള വരുമാന മാര്‍ഗങ്ങളും നിലച്ചു. ഇതോടെയാണ് ആനകളെ കാട്ടിലേക്ക് തന്നെ മടക്കി അയയ്ക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. 95 മൈല്‍ ദൂരം കൂട്ടമായി നടത്തിയാണ് ആനകളെ കാട്ടിലേക്ക് കൊണ്ടുപോയത്.

 

ദിനംപ്രതി 660 പൗണ്ടോളം പുല്ലും പച്ചക്കറികളുമായിരുന്നു ആനകള്‍ക്ക് ഉടമകള്‍ ആഹാരമായി നല്‍കിയിരുന്നത്. ഇപ്പോഴും ടൂറിസ്റ്റ് പാര്‍ക്കുകളിലും മറ്റും കഴിയുന്ന ആനകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി തായ്‌ലന്‍ഡിലെ സേവ് എലിഫെന്റ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തുന്നുണ്ട്. എന്നാല്‍ അധികം വൈകാതെ തന്നെ ഇവയേയും കാടുകളിലേക്ക് മടക്കിയേക്കുമെന്നാണ് സൂചന. കാടുകളില്‍ ആനകള്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ മടക്കയാത്രയെ ആരും എതിര്‍ക്കുന്നതുമില്ല.

 

കഴിഞ്ഞ മാസം മുതല്‍ തായ്‌ലന്‍ഡിലെ വടക്കന്‍ പ്രവിശ്യയായ ചിയാംഗ് മായില്‍ നിന്നും സ്വന്തം നാടായ മേ ചേം പ്രവിശ്യയിലേക്ക് മടങ്ങിയ ആനകള്‍ക്ക് കൂട്ടായി അവിടെ ജീവിക്കുന്ന കാറന്‍ ഗോത്രവര്‍ഗക്കാരുണ്ട്. പ്രശസ്തമായ എലിഫെന്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന സുറീന്‍ ഉള്‍പ്പെടയുള്ള തായ്‌ലന്‍ഡിന്റെ വടക്ക് കിഴക്കന്‍ പ്രവിശ്യകളിലും ആനകളെ മടക്കി അയയ്ക്കാന്‍ തുടങ്ങി. നിലവില്‍ 3,000 പേര്‍ക്കാണ് തായ്‌ലന്‍ഡില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. 55 പേര്‍ രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു.