കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്താന്‍ ലോകം തീവ്രശ്രമത്തില്‍; ഒപ്പം ചേര്‍ന്ന് ഇന്ത്യയും; എഴുപതോളം പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു

0 284

കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്താന്‍ ലോകം തീവ്രശ്രമത്തില്‍; ഒപ്പം ചേര്‍ന്ന് ഇന്ത്യയും; എഴുപതോളം പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ലോകം കൊവിഡിന് എതിരെ പകച്ചു നില്‍ക്കുമ്ബോള്‍ പ്രതിരോധവാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെയാണ്. ഇതുവരെ ഫലപ്രദമായ രീതിയില്‍ മരുന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം ആഗോള തലത്തില്‍ നടക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയും. ആഗോള മഹാമാരിക്കെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ഇന്ത്യന്‍ കമ്ബനികളും ശ്രമങ്ങള്‍ തുടരുകയാണ്. ആറ് ഇന്ത്യന്‍ കമ്ബനികളാണ് കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

ഏകദേശം എഴുപതോളം പരീക്ഷണങ്ങളാണ് ഇതുവഴി നടക്കുന്നത്. മൂന്ന് കമ്ബനികളെങ്കിലും മനുഷ്യരില്‍ പരീക്ഷിക്കാവുന്ന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. എങ്കിലും 2021ന് മുമ്ബ് വാക്‌സിന്‍ ഉപയോഗത്തിലേക്ക് എത്താനുള്ള സാധ്യത കുറവാണ്.

‘സൈഡസ് കാഡില രണ്ട് വാക്‌സിനുകള്‍ക്കായി പരീക്ഷണം തുടരുമ്ബോള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോളജിക്കല്‍ ഇ, ഭാരത് ബയോടെക്, ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്, മൈന്‍വാക്‌സ് എന്നിവ ഓരോ വാക്‌സിന്‍ വീതം വികസിപ്പിച്ചെടുക്കുന്നുണ്ട്,’ ഫരീദാബാദിലെ ട്രാന്‍സ്ലേഷന്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗഗന്‍ദീപ് കാങ് പറഞ്ഞു.

അതേസമയം, വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങളെല്ലാം കഠിനമാണെന്നും വിജയ സാധ്യത ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നുമാണ് ഗവേഷകര്‍ പറയുന്നത്. വാക്‌സിന്‍ ഗവേഷണം ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനമാണ്. ചിലപ്പോള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കും. പ്രതിസന്ധികളും ധാരാളമാണെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നു.