കൊറോണയ്ക്ക് വ്യാജ ചികിത്സ; മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍; ജാമ്യമില്ലാക്കുറ്റം
തൃശൂര്‍: കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍. മോഹനന്‍ വൈദ്യര്‍ക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ ലൈസന്‍സില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കുമെന്ന മോഹനന്‍ വൈദ്യരുടെ അവകാശവാദത്തെതുടര്‍ന്ന് തൃശൂരിലെ പരിശോധനാ കേന്ദ്രത്തില്‍ റെയ്ഡ് നടന്നിരുന്നു. പൊലീസിന്‍റെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ തൃശൂര്‍ രായിരത്ത് ഹെറിറ്റേജിലാണ് റെയ്ഡ് നടന്നത്. കൊവിഡ് 19-ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.
എന്ത് ചികിത്സയാണ് മോഹനന്‍ വൈദ്യര്‍ ഇവിടെ നല്‍കുന്നതെന്ന വിവരങ്ങള്‍ ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധിച്ചു. ഇതേത്തുടര്‍ന്നാണ് ലൈസന്‍സ് പോലുമില്ലാതെയാണ് രോഗികളെ മോഹനന്‍ വൈദ്യര്‍ പരസ്യം നല്‍കി വിളിച്ച് കൂട്ടി പരിശോധിച്ചതെന്ന് കണ്ടെത്തിയത്.
തൃശൂര്‍ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോര്‍ട്ടിലായിരുന്നു മോഹനന്‍ വൈദ്യരുടെ പരിശോധന. രായിരത്ത് ഹെറിറ്റേജ് ആയുര്‍ റിസോര്‍ട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുര്‍ സെന്‍ററില്‍ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്ബറും മോഹനന്‍ വൈദ്യര്‍ സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.