മദ്യത്തിന് പശു സെസ്: ഹിമാചലിലെ കോൺ​ഗ്രസ് സർക്കാർ പ്രതീക്ഷിക്കുന്നത് 100 കോടിയുടെ അധിക വരുമാനം

0 434

ഷിംല: ഹിമാചൽ പ്രദേശിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തിയതിലൂടെ ഹിമാചൽ പ്രദേശിലെ കോൺ​ഗ്രസ് സർക്കാർ പ്രതീക്ഷിക്കുന്നത് 100 കോടി രൂപയുടെ അധിക വരുമാനം. ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കിലാണ് സെസ് ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു അവതരിപ്പിച്ച ബജറ്റിലാണ് പശു സെസ് പ്രഖ്യാപിച്ചത്. സെസിൽ നിന്ന് കിട്ടുന്ന വരുമാനം പശുക്കളുടെ ക്ഷേമ പ​ദ്ധതികൾക്കും പശു കേന്ദ്രീകൃതമായ കാർഷിക രം​ഗത്തെ വളർച്ചക്കും ഉപയോ​ഗിക്കുമെന്നാണ് സർക്കാർ പറയുന്നത്.

ഭ​ഗവത് ​ഗീതയിലെ ശ്ലോകം ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. മദ്യത്തിന് അധിക നികുതി ചുമത്തി പശുവിന്റെ ക്ഷേമത്തിന് ഉപയോ​ഗിക്കുന്ന ആദ്യ സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. അലഞ്ഞുതിരിയുന്ന പശുക്കളെ പരിപാലിക്കുന്നതിനായി രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ സെസ് ചുമത്തിയിരുന്നു. രാജസ്ഥാൻ സർക്കാർ മൂന്ന് വർഷത്തിനുള്ളിൽ പശു സെസിൽ നിന്ന് 2,176 കോടി രൂപ അധിക വരുമാനമായി നേടിയിരുന്നു.

നേരത്തെ പഞ്ചാബ് സർക്കാറും മദ്യത്തിന് സെസ് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഓരോ കുപ്പിക്കും 10 രൂപയും പഞ്ചാബ് നിർമ്മിത മദ്യത്തിന്റെ കുപ്പികൾക്ക് 5 രൂപയുമാണ് ഈടാക്കുന്നത്. കേരളത്തിൽ 500 രൂപക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപ വിലയുള്ള മദ്യത്തിന് 40 രൂപയും സെസ് ഏർപ്പെടുത്തിയിരുന്നു.