കനയ്യകുമാറിനെ ഉൾപ്പെടുത്താതെ സിപിഐ സ്ഥാനർത്ഥിപട്ടിക
ജെഎൻയു ചെയർമാനായിരുന്ന കനയ്യകുമാറിനെ ഉൾപ്പെടുത്താതെ സിപിഐ സ്ഥാനർത്ഥിപട്ടിക. കന്നയ്യ കുമാറിനെ മത്സരിപ്പിക്കണമെന്ന ബെഗുസരായ് പ്രാദേശിക ഘടകത്തിന്റെ ആവശ്യം സിപിഐ തള്ളി. അതേസമയം കനയ്യകുമാറിന്റെ പേര് സ്ഥാനാർത്ഥിപട്ടികയിൽ ഇല്ലാത്തതിൽ അസ്വാഭാവികത ഇല്ലെന്നാണ് സി.പി.ഐ കേന്ദ്രനേത്യത്വത്തിന്റെ നിലപാട്.
കോൺഗ്രസ് അർ.ജെ.ഡി സഖ്യത്തിന്റെ ഭാഗമായ സി.പി.ഐ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആകെ ആറു സീറ്റുകളിലാണ്. ഇതിൽ ബെഗുസരായ് മേഖലയിലെ സീറ്റിൽ കനയ്യ കുമാർ സ്ഥാനാർത്ഥിയാകും എന്നായിരുന്നു പ്രതിക്ഷ. കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വം സഖ്യത്തിലെ മറ്റ് ഘടക കക്ഷികളും ആഗ്രഹിച്ചിരുന്നു. പക്ഷേ സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ കനയ്യകുമാർ പുറത്തായി.
ബെഗുസരായിലെ ബക്കാരി നിയമസഭ സീറ്റിൽ സൂര്യകാന്ത് പാസ്വാനും ബെഗുസരായിലെ തേഗ്ഡ മണ്ഡലത്തിൽ രാം രത്തൻ സിങും സ്ഥാനാർത്ഥികളായി. ബാച്വാര മണ്ഡലത്തിൽ അവാദേശ് കുമാർ റായ്, ഹർലമഖി മണ്ഡലത്തിൽ രാം നരേഷ് പാണ്ഡെ, ജാംഞ്ജഹർപൂർ മണ്ഡലത്തിൽ രാംനാരായൺ യാദവ്, രുപാലി സീറ്റിൽ വികാസ് ചന്ദ്ര മണ്ഡൽ എന്നിവരാണ് സിപിഐയുടെ മറ്റ് സ്ഥാനാർത്ഥികൾ.
ആർ.ജെ.ഡി കൊൺഗ്രസ് സഖ്യത്തിന്റെ ഭാഗമായതോടെ വിജയസാധ്യത വർധിച്ചതായുള്ള വിലയിരുത്തലുകളെ തുടർന്ന് നിരവധിപേർ സീറ്റ് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. കനയ്യകുമാർ വിരുദ്ധരായ സി.പി.ഐ ബിഹാർ ഘടകത്തിലെ ഒരു വിഭാഗം ഈ അവസരം ഉപയോഗിക്കുകയും ചെയ്തു. കനയ്യകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ കേന്ദ്ര നേത്യത്വത്തിനുണ്ടായിരുന്ന താത്പര്യവും ഇതോടെ ഇല്ലാതായി.
കനയ്യകുമാറിന് സീറ്റ് നിഷേധിച്ചതോടെ ബെഗുസരായിയിലെ പ്രാദേശിക ഘടകത്തിൽ കടുത്ത അത്യപ്തിയും ഇപ്പോൾ രൂപപ്പെട്ട് കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ ബിഹാറിലെ ബെഗുസരായിൽ മത്സരിച്ചിരുന്നു. ബിജെപി നേതാവ് ഗിരിരാജ് സിങിനോട് 4.20 ലക്ഷം വോട്ടുകൾക്ക് പക്ഷേ കനയ്യകുമാർ പരാജയപ്പെട്ടു.