സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകം: കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു
തൃശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിൽ കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു.
പ്രതികളെ തണ്ടിലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് രണ്ട് കത്തികൾ കണ്ടെത്തിയത്. പ്രതികൾ ഒളിവിൽ കഴിഞ്ഞത് തണ്ടിലത്താണ്. ഒന്നാം പ്രതി നന്ദൻ, ഇന്നലെ അറസ്റ്റിലായ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
അതേസമയം, നടന്നത് കൂട്ടായ ആക്രമണമാണെന്ന് പ്രതികൾ സമ്മതിച്ചു. നന്ദൻ കുത്തി വീഴ്ത്തിയ സനൂപിന്റെ തലയ്ക്ക് അടിച്ചത് സുജയ് കുമാറാണ്. സുനീഷ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതായും മൊഴി നൽകിയിട്ടുണ്ട്. ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരുക്കേറ്റവർ പൊലീസിന് നൽകിയ മൊഴി. ക്രിമിനൽ പശ്ചാത്തലമുള്ള ചിറ്റിലങ്ങാട് നന്ദൻ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കൊല്ലപ്പെട്ട സനൂപിന്റെ നെഞ്ചിനും വയറിനും ഇടയിൽ കുത്തേറ്റതിന് പുറമെ തലയ്ക്ക് പിറകിൽ അടിയേറ്റതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.