കടുവ ചത്ത സംഭവത്തില്‍ സ്ഥലമുടമയുടെ പേരില്‍ കേസെടുത്തത് പിന്‍വലിക്കണമെന്ന് സിപിഐ; മാനുവിന്റെ വീട് സന്ദര്‍ശിച്ച് നേതാക്കള്‍

0 886

അമ്പലവയല്‍: പെന്‍മുടിക്കോട്ടയില്‍ ഭീതി പരത്തിയ കടുവ കഴുത്തില്‍ കുരുക്കുമുറുകി ചത്ത സംഭവത്തില്‍ സ്ഥലമുടമയായ വയോധികൻ പള്ളിയാലില്‍ മാനുവിനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐ. സ്വന്തമായി എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്തയാളാണ് മാനു. ഇദ്ദേഹത്തിനെതിരെ കേസെടുത്ത നടപടിയില്‍ നിന്ന് വനം വകുപ്പ് പിന്‍മാറണം. സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ കൊണ്ടാണ് മാനുവിന്റെ ജീവിതം മുന്നോട്ട് പോകുന്നത്.

വാര്‍ധക്യസഹചമായ രോഗങ്ങളാല്‍ കഴിയുന്നയാളോട് മൊഴി രേഖപ്പെടുത്താന്‍ മേപ്പാടിയിലെ വനം വകുപ്പ് ഓഫീസില്‍ എത്തുവാന്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. തന്റെ പുരയിടത്തില്‍ കുരുക്ക് വച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാനുവും പോലീസിൽ പരാതി നല്‍കിയതായി ചൂണ്ടിക്കാട്ടിയ സിപിഐ നിയമ സഹായമുള്‍പ്പെടെ ആരോപിതന് ചെയ്ത് നല്‍കുമെന്നും മാനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കി. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, അസിസ്റ്റന്റ് സെക്രട്ടറി പി.എം ജോയി, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി.കെ ശശിധരന്‍, അഷറഫ് തയ്യില്‍, ബിനു ഐസക്ക്, അന്റണി കെ, സതിഷ് കരാടിപ്പാറ എന്നിരാണ് പിന്തുണയുമായി മാനുവിന്റെ വീട് സന്ദർശിച്ചത്.