കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. എടക്കാട് ഏരിയ കമ്മിറ്റിക്ക് കീഴിലെ മാളികപ്പറമ്ബ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെയാണ് ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് എട്ട് മാസം മുമ്ബ് രാജേഷിനെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു.
തട്ടിപ്പിനിരയായ അഞ്ചരക്കണ്ടി സ്വദേശിയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അമ്ബതോളം പേരില്‍നിന്ന് രാജേഷ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന.
വിമാനത്താവളത്തില്‍ ജോലി ലഭിക്കണമെങ്കില്‍ തലശ്ശേരി സ്വദേശിയായ മുഹമ്മദ് ഒനാസിസ് എന്നയാളുടെ അക്കൗണ്ടിലേക്ക് പണം നല്‍കാനാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉടമസ്ഥരായ കിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തനിക്ക് സ്വാധീനമുണ്ടെന്നും രാജേഷ് അവകാശപ്പെട്ടിരുന്നു. ഇതെല്ലാം വിശ്വസിച്ച് പണം നല്കിയവരാണ് തട്ടിപ്പിനിരയായത്.