20 കോടി ചെലവില്‍ നിര്‍മിച്ച ആസ്പത്രിക്കെട്ടിടത്തിനുമുന്നില്‍ സി.പി.എം. കൊടിനാട്ടി

0 350

 

 

കാഞ്ഞങ്ങാട്: പ്രവാസികളുള്‍പ്പെടെ അഞ്ചു ഡോക്ടര്‍മാര്‍ ചേര്‍ന്ന്‌ 20 കോടിയിലധികം മുതല്‍മുടക്കി ആസ്പത്രിക്കുവേണ്ടി നിര്‍മിച്ച ബഹുനിലക്കെട്ടിടത്തിനുമുമ്ബില്‍ പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകര്‍ ചെങ്കൊടിനാട്ടി. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ വെള്ളായിപ്പാലം റോഡരികിലാണ് കെട്ടിടം. നിര്‍മാണം അന്തിമഘട്ടത്തിലെത്തിനില്‍ക്കെയാണ് കഴിഞ്ഞദിവസം ഒരുസംഘം പാര്‍ട്ടിക്കാരെത്തി ചെങ്കൊടിനാട്ടിയത്.

എന്നാല്‍, ഈ പ്രദേശം ഉള്‍പ്പെടുന്ന പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അറിയാതെയാണ് കൊടിനാട്ടിയതെന്ന് സെക്രട്ടറി എന്‍.ഗോപി പറഞ്ഞു. ബ്രാഞ്ച് കമ്മിറ്റി യോഗത്തിലും ഈ വിഷയം ചര്‍ച്ചചെയ്തിട്ടില്ലെന്ന് സെക്രട്ടറി സേതു കുന്നുമ്മലും പറഞ്ഞു. പ്രദേശം വയല്‍ഭൂമിയാണെന്ന വാദമാണ് ചെങ്കൊടിനാട്ടിയവര്‍ ഉന്നയിക്കുന്നത്. 2013-ലാണ് കാഞ്ഞങ്ങാട് നഗരസഭ കെട്ടിടം നിര്‍മിക്കാന്‍ അനുമതിനല്‍കിയത്.

കൃഷിചെയ്യാത്ത തരിശുപാടമെന്ന് വ്യക്തമായതിനാലാണ് അന്ന്‌ അനുവാദംനല്‍കിയത്. അന്ന് യു.ഡി.എഫായിരുന്നു നഗരഭരണം. തുടര്‍ന്ന് സി.പി.എമ്മിന് നഗരഭരണം കിട്ടിയെങ്കിലും കെട്ടിടനിര്‍മാണത്തിന്റെ തുടര്‍നടപടി തടസ്സപ്പെടുത്തുകയോ വയല്‍ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടുകയോ ചെയ്തിരുന്നില്ല. ഇടയ്ക്കിടെ പ്രദേശത്തുകാരില്‍ ചിലരുടെ തടസ്സമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് നിര്‍മാണം വൈകിയതെന്നും പാര്‍ട്ണര്‍മാരിലൊരാളായ ഡോ. എം.എ.നിസ്സാര്‍ പറഞ്ഞു.