രാഷ്ട്രീയ നേതാക്കൾക്കെതിരെ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ

0 1,477

രാഷ്ട്രീയ നേതാക്കൾക്കെതിരെ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ

 

പാർലമെന്റ് അംഗങ്ങൾ (എംപിമാർ), നിയമസഭാ സാമാജികർ (എംഎൽഎമാർ) എന്നിവർക്കെതിരായ കേസുകൾ കെട്ടിക്കിടക്കുന്നതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ആകെ 4,984 ക്രിമിനൽ കേസുകലാണ് രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 862 കേസുകളുടെ വർധനയും ഉണ്ടായതായി അമിക്കസ് ക്യൂറി കോടതിയിൽ വ്യക്തമാക്കി.

“സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും നിരന്തര നിരീക്ഷണവും ഉണ്ടായിരുന്നിട്ടും, 4,984 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്. 1,899 കേസുകൾ അഞ്ച് വർഷത്തിലേറെ പഴക്കമുള്ളതാണ്. 2018 ഡിസംബർ വരെ തീർപ്പുകൽപ്പിക്കാത്ത ആകെ കേസുകളുടെ എണ്ണം 4,110 ഉം 2020 ഒക്‌ടോബർ വരെ 4,859 ഉം ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2018 ഡിസംബർ 4 ന് ശേഷം 2,775 കേസുകൾ തീർപ്പാക്കിയതിന് ശേഷവും, എംപിമാർ / എംഎൽഎമാർക്കെതിരായ കേസുകൾ 4,122 ൽ നിന്ന് 4,984 ആയി ഉയർന്നു.” അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

നിയമനിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യുന്നതിനും ശിക്ഷിക്കപ്പെട്ടവരെ നിയമസഭയിൽ നിന്നും പുറത്താക്കുന്നതിനും പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2016-ൽ അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 4,984 കേസുകളിൽ 3,322 എണ്ണം മജിസ്റ്റീരിയൽ കേസുകളും 1,651 സെഷൻ കേസുകളുമാണ്. തീർപ്പാക്കാതെ കിടക്കുന്ന ഇത്തരം കേസുകളിൽ 1,899 എണ്ണം അഞ്ച് വർഷത്തിലധികം പഴക്കമുള്ളവയാണെന്നും 1,475 കേസുകൾ രണ്ടിനും അഞ്ച് വർഷത്തിനും ഇടയിൽ തീർപ്പുകൽപ്പിക്കാത്തവയാണ്.

ക്രിമിനൽ പശ്ചാത്തലമുള്ള കൂടുതൽ പേർ പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്നും തീർപ്പാക്കാത്ത ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് അടിയന്തരവും കർശനവുമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.