ബിജെപി സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ വിവരങ്ങള്‍ നല്‍കാത്ത നടപടിക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷന്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ച ബി.ജെ.പിയ്ക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അന്ത്യശാസന. എത്രയും വേഗം കമ്മീഷന് മുന്നില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അയച്ച നോട്ടീസില്‍ വ്യക്തമാക്കി.
കമ്മീഷന്റെ തുടര്‍ച്ചയായ നിര്‍ദ്ദേശം ബി.ജെ.പി അവഗണിക്കുകയാണെന്നും കേസുകളുടെ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും മീണ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വരണാധികാരികളെ അറിയിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഈ നിര്‍ദ്ദേശം പാലിച്ചിരുന്നില്ല.
സ്ഥാനാര്‍ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരം ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. പ്രചാരമുള്ള ടിവി ചാനലുകളിലും ഈ വിവരം സംപ്രേഷണം ചെയ്യണം. രാവിലെ എട്ടിനും രാത്രി പത്തിനുമിടയില്‍ ഏഴുസെക്കന്‍ഡ് എങ്കിലും ദൈര്‍ഘ്യമുള്ള പരസ്യം മൂന്നുവട്ടം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കാം. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു കമ്മീഷന് തീരുമാനം. ക്രിമില്‍ കേസുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പിലും വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടല്‍.
സംസ്ഥാനതലത്തില്‍ ഓരോ പാര്‍ട്ടിയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന കേസുകളുടെ വിശദാംശങ്ങള്‍ നല്‍കണം. സി.പി.ഐ.എമ്മും ബി.ജെ.പിയുമാണ് ഈ നിര്‍ദ്ദേശം പാലിക്കാതിരുന്നത്. എന്നാല്‍ കമ്മീഷന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ സി.പി.ഐ.എം വിശദാംശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി ഇതുവരെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഇതോടെയാണ് കമ്മീഷന്‍ പാര്‍ട്ടി പ്രസിഡന്റിന് അന്ത്യശാസന നല്‍കിയത്.