പത്തനംതിട്ടയിൽ ​ഗർഭിണിയായ പശുവിനോട് ക്രൂരത; മരത്തിൽ ചേർത്ത് കുരുക്കിട്ട് കൊന്നു

0 1,325

പത്തനംതിട്ടയിൽ ​ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ​ഗർഭിണിയായ പശുവിനെ മരത്തിൽ ചേർത്ത് കരുക്കിട്ട് കൊന്നു. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവിൽ സുന്ദരേശന്റെ പശുവിനാണ് ദാരുണാന്ത്യം.

ഞായറാഴ്ചയാണ് സംഭവം. വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പിൽ മേയാൻ വിട്ടിരുന്ന പശുവിനെ സന്ധ്യയോടെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പശുവിനെ ചേത്തയ്ക്കൽ റബർ ബോർ‍ഡ് ഡിവിഷൻ ഓ​ഫി​സി​ന് സ​മീ​പം കെ​ട്ടി​യി​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. റബർ‌ ബോർഡ് വക തോട്ടത്തിൽ കയറിയെന്നാരോപിച്ച് വാച്ചർ ഓ​ഫി​സി​ൽ എത്തിച്ച് കെട്ടിയിടുകയായിരുന്നു.

വിവരം അറിഞ്ഞ് നാട്ടുകാരും സംഘടിച്ചെത്തി. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ചർച്ചയ്ക്കൊടുവിൽ പൊലീസിന്റെ നേതൃത്വത്തിൽ പശുവിനെ സുന്ദരേശന് വിട്ടു നൽകി. രാത്രിയോടെ വീട്ടിൽ എത്തി തൊട്ടടുത്ത റബർ മരത്തിൽ പശുവിനെ കെട്ടിയിട്ടു. രാവിലെ വീട്ടുകാർ നോക്കുമ്പോൾ ചത്ത നിലയിൽ പശുവിനെ കണ്ടെത്തുകയായിരുന്നു. ക​യ​റു​പ​യോ​ഗി​ച്ച് വീ​ട്ടു​കാ​ര്‍ കെ​ട്ടി​യ​ത് കൂ​ടാ​തെ കു​രു​ക്കി​ട്ട് മ​റ്റൊ​രു മ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചു കെ​ട്ടി ച​ലി​ക്കാ​നാ​വാ​ത്ത നി​ല​യി​ലാ​യി​രു​ന്നു പ​ശു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് പെ​രു​നാ​ട് പൊ​ലീ​സ് കേസെടുത്ത് അന്വഷണം ആംരഭിച്ചു.