എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും

0 268

എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും

 

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്താൻ നിർദേശം നൽകി. വെള്ളിയാഴ്ച 11 മണിക്കൂറോളം ചോദ്യംചെയ്ത ശേഷം രാത്രി പത്തോടെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു.യു.എ.ഇ. കോൺസുലേറ്റ് കേരളത്തിലേക്കെത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിന് പിന്നിലും എം. ശിവശങ്കറെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. തന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ചടങ്ങിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചതെന്നും ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചു.

കോൺസുലേറ്റിലേക്കെത്തിയ 17,000 കിലോഗ്രാം ഈന്തപ്പഴത്തിൽ 7000 കിലോ കാണാതായതിനെക്കുറിച്ചും സ്വപ്നയുടെ വൻതോതിലുള്ള സ്വത്ത് സമ്പാദനത്തെക്കുറിച്ചും തനിക്കറിയില്ലെന്നും ശിവശങ്കർ മറുപടി നൽകി. സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷനായി കിട്ടിയ തുക ഡോളർ ആക്കി മാറ്റുന്നതിനും ശിവശങ്കറിന്റെ ഇടപെടലുണ്ടെന്നാണ് കസ്റ്റംസ് അന്വേഷണസംഘം സംശയിക്കുന്നത്. എന്നാൽ, തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശിവശങ്കറിനെതിരേ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും ഏതാനും ചില കാര്യങ്ങളിൽ മാത്രമാണ് വ്യക്തതവരാനുള്ളതെന്നുമാണ് കസ്റ്റംസ് നൽകുന്ന സൂചന. ശിവശങ്കറിന്റെ അറിവോടെ സ്വപ്ന ലോക്കറിൽ സൂക്ഷിച്ച 30 ലക്ഷത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനോട് സ്വപ്നയ്ക്കായി ബാങ്ക് ലോക്കർ തുടങ്ങാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.