തിരുവനന്തപുരം മേയര്‍ ആര്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം

1,313

എം.എല്‍.എ സച്ചിന്‍ ദേവിനെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. പ്രധാനമായും വലത്-കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നാണ് ആര്യയ്ക്കെതിരെ സൈബര്‍ ആക്രമണമുണ്ടാവുന്നത്.

ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്തു വന്നതിന് ശേഷമുള്ള മേയറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ അധിക്ഷേപ കമന്റുകള്‍ നിറയുന്നത്. എല്ലാം പെര്‍ഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ സഖാക്കന്മാര്‍ ഇവിടെ കമോണ്‍. തൊട്രാ പാക്കലാം’ എന്ന ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് കീഴിലും ഇത്തരത്തിലുള്ള കമന്റുകളുമായി പലരും എത്തുന്നുണ്ട്.

ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ വാര്‍ത്ത, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന രീതിയില്‍ ദേശീയ മാധ്യമങ്ങളടക്കം പ്രാധാന്യത്തോടെ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മേയര്‍ക്കെതിരെ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞത്. ഇടത് പ്രൊഫൈലുകള്‍ ഇരുവരുടെയും വിവാഹ വാര്‍ത്ത ആഘോഷമാക്കുന്നുമുണ്ട്.

എം.എല്‍.എ സച്ചിന്‍ ദേവും മേയര്‍ ആര്യയും ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. എസ്.എഫ്.ഐയിലെ പ്രവര്‍ത്തനകാലത്തുള്‍പ്പടെ ഇരുവരും ആ സൗഹൃദം സൂക്ഷിച്ചു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് 28കാരനായ സച്ചിന്‍ ദേവ്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സച്ചിന്‍ ദേവ് കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ എസ്.എഫ്.ഐയുടെ അഖലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഇരുപത്തിമൂന്നുകാരിയായ ആര്യാ രാജേന്ദ്രന്‍ 2020 ഡിസംബറിലാണ് തിരുവനന്തപുരം മേയറായി ചുമതലയേറ്റത്.