‘ഡി സേഫ് ‘; ഡിജിറ്റല്‍ ബോധവത്കരണ ക്ലാസുകള്‍ ആരംഭിച്ചു

0 844

കല്‍പ്പറ്റ: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ ആയി മാറിയതോടെ നിരവധി കുട്ടികളാണ് സാഹചര്യം ദുരുപയോഗം ചെയ്ത് വിവിധ സൈബര്‍ കെണികളില്‍ അകപ്പെട്ടതായുള്ള കേസുകള്‍ കേരളത്തിലെ വിവിധ സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര സംഘടനയായ യൂണിസെഫ്, ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ് എന്നിവരുടെ സഹകരണത്തോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ‘ഡി സേഫ് ‘ എന്ന പേരില്‍ രക്ഷിതാക്കള്‍ക്കായി കേരളത്തിലുടനീളം ഡിജിറ്റല്‍ ബോധവത്കരണ ക്ലാസുകള്‍ ആരംഭിച്ചു.

ഡിജിറ്റല്‍ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ആഴത്തില്‍ പഠിച്ച് അതില്‍ നിന്നും കുട്ടികളെ കെണിയില്‍ വീഴ്ത്താന്‍ സാധ്യതയുള്ള 11വിഷയങ്ങളെ മനശാസ്ത്രപരം,സാങ്കേതികം, നിയമപരം എന്നിങ്ങനെ മൂന്നു സെക്ഷനുകളായി തിരിച്ചാണ് രക്ഷിതാക്കള്‍ക്ക് അവബോധം നല്‍കുന്നത്. കുട്ടികളില്‍ പലരും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകള്‍ ആയി മാറി എന്നത് രക്ഷിതാക്കള്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ഇത് അവരെ പഠന പിന്നാക്ക അവസ്ഥയിലേക്കും, മാനസിക പ്രശ്‌നങ്ങളിലേക്കും ആത്മഹത്യയിലേക്കും വരെ നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.രക്ഷിതാക്കളുടെ ഫോണ്‍ ഉപയോഗിച്ച് ഗെയിം കളിച്ചതുവഴി ബാങ്ക് ഡീറ്റെയില്‍സും കാര്‍ഡ് വിവരങ്ങളും ഷെയര്‍ ചെയ്യപ്പെടാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുകയും നിരവധി രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ വരെ നഷ്ടമാകുന്ന കേസുകള്‍ ദിനംപ്രതി കൂടിവരുകയാണ്.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പെണ്‍കുട്ടി എന്ന വ്യാജേന സൗഹൃദം നടിച്ചു വരുന്നവര്‍ക്ക് പ്രലോഭനങ്ങളില്‍ വഴങ്ങി ഫോട്ടോ അയച്ചുനല്‍കുകയും ആ ഫോട്ടോ മോര്‍ഫ് ചെയ്തു തിരിച്ചയച്ച് ഭയപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ ചിത്രീകരിച്ച് കൊടുത്തില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വിവിധ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി ഇരയാക്കുകയും ചെയ്യുന്ന കേസുകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘവും പ്രവര്‍ത്തിച്ചു വരുകയും നിരവധി കുട്ടികള്‍ ഇതിന്റെ കണ്ണുകളും പിന്നീട് ഏജന്റുമാരും ആയി മാറുന്നതും ഗൗരവമുള്ള യഥാര്‍ഥ്യങ്ങളാണ്.

ഡി സേഫ് ‘ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ 8ഘട്ടങ്ങളിലായി 1800 രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കി. എസ്. പി. സി. വയനാട് ജില്ലാ നോഡല്‍ ഓഫീസറും നര്‍കോട്ടിക് സെല്‍ ഡി വൈഎസ് പി യുമായ വി രജികുമാര്‍ ഉദ്ഘാടനം ചെയ്തു.എ ഡി എന്‍ ഒ ഷാജന്‍ വി വി പദ്ധതി വിശദീകരണം നല്‍കി. വിവിധ സൈബര്‍ പ്രശ്‌നങ്ങളില്‍ അകപ്പെട്ട കുട്ടികള്‍ക്കുള്ള മനശാസ്ത്രപരമായ സമീപനത്തെക്കുറിച്ച് പയ്യംപള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ സജിന്‍ ജോസും, ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട സാങ്കേതിക വശങ്ങളെക്കുറിച്ച് പിണങ്ങോട് സ്‌കൂള്‍ അധ്യാപകന്‍ ടി സുലൈമാനും, സൈബര്‍ കുറ്റ കൃത്യങ്ങളുടെ നിയമ വശങ്ങളെക്കുറിച്ച് മുട്ടില്‍ സ്‌കൂള്‍ അധ്യാപകന്‍ ജൗഹറും ക്ലാസുകള്‍ നയിച്ചു