ദമ്പതിമാരുടെ മരണം: പൊരുളറിയാതെ നാട്ടുകാര്‍

387

 

ഇരിട്ടി: മുഴക്കുന്ന് കടുക്കാപ്പാലം ഗ്രാമം ദമ്ബതിമാരുടെ മരണത്തിന്റെ പൊരുള്‍തേടുകയാണ്. കടുക്കാപ്പാലത്തെ ജീഷ്മാനിവാസില്‍ മോഹനന്‍-ജ്യോതി ദമ്ബതിമാരില്‍ ഭാര്യ ജ്യോതി കിടക്കയില്‍ മരിച്ചനിലയിലും ഭര്‍ത്താവ് മോഹനനനെ തൂങ്ങിമരിച്ചനിലയിലുമാണ് ശനിയാഴ്ച രാവിലെ നാട്ടുകാര്‍ കാണുന്നത്. ജ്യോതിയെ കൊന്നശേഷം മോഹനന്‍ ആത്മഹത്യചെയ്തതാകാമെന്ന നിഗമനത്തിലായിരുന്നു ആദ്യം നാട്ടുകാര്‍. കാടുക്കാപ്പാലത്ത് അധികം ജനവാസമില്ലാത്ത സ്ഥലത്ത് ഒരറ്റമുറി കട്ടപ്പുരയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

ജ്യോതി(43)യുടെ മൃതദേഹം കട്ടിലിലെ കിടക്കയില്‍ മലര്‍ന്നുകിടന്ന നിലയിലായിരുന്നു. സമീപത്തുതന്നെ മേല്‍ക്കൂരയിലെ തടിയില്‍ തൂങ്ങിയനിലയിലാണ് മോഹനന്റെ (53) മൃതദേഹം കണ്ടെത്തിയത്. ജ്യോതിയുടെ സഹോദരനാണ് സംഭവം ആദ്യം കാണുന്നത്. ഇരുവരെയും രാവിലെ വീട്ടിനുവെളിയില്‍ കാണാഞ്ഞതിനാലും ഫോണ്‍ചെയ്തിട്ട് എടുക്കാഞ്ഞിട്ടുമായിരുന്നു ജ്യോതിയുടെ സഹോദരനായ പ്രിയേഷ് ഇവരുടെ വീട്ടിലെത്തിയത്. വാതില്‍ അടച്ചനിലയിലായിരുന്നു.

തള്ളിനോക്കിയപ്പോള്‍ ഉള്ളില്‍നിന്ന്‌ പൂട്ടിയിരുന്നില്ല. സഹോദരി മരിച്ചുകിടക്കുന്നത് കണ്ടാപാടെ പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ മുഴക്കുന്ന് പോലീസ് പരിശോധന നടത്തി മുറിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. സംഭവമറിഞ്ഞ് രാവിലെ 11 മണിയോടെതന്നെ വീടും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു.

സ്ഥലത്തെത്തിയ ഇരിട്ടി ഡിവൈ.എസ്.പി.യും പേരാവൂര്‍ സി.ഐ.യും മുറിക്കുള്ളില്‍ പരിശോധന നടത്തി. വിരലടയാളവിദഗ്‌ധരും ഡോഗ്‌ സ്ക്വാഡും പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടിനുള്ളില്‍ പിടിവലിനടന്നതിന്റെ ലക്ഷണംപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജ്യോതിയുടെ കഴുത്തിലെ പാട് മാത്രമാണ് അന്വേഷണസംഘത്തിന് സംശയത്തിനിടയാക്കുന്നത്. മൃതദേഹപരിശോധന റിപ്പോര്‍ട്ടുവന്നശേഷമേ ജ്യോതിയുടെ യഥാര്‍ഥ മരണകാരണം വ്യാക്തമാകൂ എന്ന് ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴവളപ്പില്‍ പറഞ്ഞു.

കടുക്കാപ്പാലത്ത് കുടുംബശ്രീയുമായും മറ്റും പ്രവര്‍ത്തിച്ചുവരുന്ന ജ്യോതിയെപ്പറ്റി നാട്ടുകാര്‍ക്ക് നല്ലതുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.

Get real time updates directly on you device, subscribe now.