നട്ടെല്ലില്‍ അതിമാരക വിഷം, നിമിഷങ്ങൾക്കകം നിറം മാറും; കണ്ടെത്തിയത് അപൂർവ തേള്‍മല്‍സ്യത്തെ!

0 971

നട്ടെല്ലില്‍ അതിമാരക വിഷം, നിമിഷങ്ങൾക്കകം നിറം മാറും; കണ്ടെത്തിയത് അപൂർവ തേള്‍മല്‍സ്യത്തെ!

നിമിഷങ്ങള്‍ക്കുള്ളില്‍ നിറം മാറാന്‍ കഴിയുന്ന അപൂര്‍വയിനം തേള്‍മല്‍സ്യത്തെ കൊച്ചി സമുദ്രഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. തമിഴ്നാട്ടിലെ സേതുക്കരൈ തീരത്തു നിന്നാണ് ബാന്‍ഡ് ടെയില്‍ സ്കോര്‍പിയോണ്‍ ഫിഷ് എന്ന ഈ മല്‍സ്യത്തെ കണ്ടെത്തിയത്. നട്ടെല്ലില്‍ മാരക വിഷമുള്ള ഈ മല്‍സ്യം ഏറെ അപകടകാരിയാണ്.

ഇരകളെ കീഴ്പ്പെടുത്താനും ശത്രുക്കളെ പ്രതിരോധിക്കാനുമായി നിമിഷാര്‍ധം കൊണ്ട് നിറം മാറാന്‍ കഴിയുന്നവയാണ് ബാന്‍ഡ് ടെയില്‍ വിഭാഗത്തില്‍ പെട്ട തേള്‍ മല്‍സ്യങ്ങള്‍. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഇനത്തില്‍ പെട്ട തേള്‍ മല്‍സ്യത്തെ ജീവനോടെ കണ്ടെത്തുന്നത്. സേതുക്കരൈ തീരത്ത് കടല്‍പ്പുല്ലുകളെ കുറിച്ചുള്ള ഗവേഷണത്തിനിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഈ മല്‍സ്യം ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെടുന്നത്. ഒറ്റ നോട്ടത്തില്‍ പവിഴപ്പുറ്റിന്‍റെ ഭാഗമാണെന്ന് തോന്നിപ്പിക്കുന്ന തേള്‍ മല്‍സ്യത്തെ തൊട്ടാല്‍ ഉടന്‍ നിറം മാറും. പിടിക്കാനുള്ള ശ്രമത്തിനിടെ, ആദ്യം വെള്ള നിറത്തിൽ കാണപ്പെട്ട മീൻ നിമിഷ നേരം കൊണ്ട് കറുപ്പും പിന്നീട് മഞ്ഞ നിറമായും മാറി.
കടലിന്‍റെ അടിത്തട്ടില്‍ ചലനമില്ലാതെ കിടക്കുന്നതാണ് ഇവയുടെ പതിവ്. ഇര അടുത്തെത്തിയാല്‍ നിമിഷങ്ങൾക്കകം ആക്രമിച്ച് കീഴടക്കും. കാഴ്ച ശക്തിയേക്കാള്‍ ശരീരത്തിന്‍റെ ഇരുവശത്തുമുള്ള സംവേദന തന്തുക്കള്‍ ഉപയോഗിച്ചാണ് ഇരതേടല്‍. നട്ടെല്ലില്‍ അതിമാരക വിഷമുള്ളതിനാല്‍ ഇവയുമായി അടുത്ത് ഇടപഴകുന്നതും അപകടകരമാണ്.