മകൾ ദലിത് യുവാവിനെ വിവാഹം ചെയ്തു; കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

0 500

ഭാര്യയും മക്കളുമടക്കം മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മൂത്ത മകൾ ദലിത് യുവാവിനെ വിവാഹം ചെയ്തതിലുള്ള രോഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ നാഗപട്ടിണത്താണ് സംഭവം.

പുതുച്ചേരി ഗ്രാമത്തിൽ ചായക്കട നടത്തുന്ന ലക്ഷ്മണനാണ് ക്രൂരകൃത്യം ചെയ്തത്. വ്യാഴാഴ്ച രാത്രി ഇയാൾ ആട്ടുകല്ലുകൊണ്ട് ഭാര്യയേയും രണ്ട് മക്കളേയും മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയായിട്ടും ചായക്കട തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ ലക്ഷ്മണന്റെ ഭാര്യയും മക്കളും രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്നതാണ് കണ്ടത്. സമീപത്ത് തന്നെ ലക്ഷ്മണന്റെ മൃതദേഹവുമുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളിൽ ജാതി വിവേചനവും അന്യജാതിയിൽ നിന്ന് വിവാഹം കഴിക്കുന്നവർക്കെതിരായ ആക്രമണങ്ങളും നിലനിൽക്കുന്നുണ്ട്. 2016ൽ തമിഴ്‌നാട്ടിലെ ഉദുമൽപേട്ടിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ ചേർന്ന് പട്ടാപ്പകൽ കൊലപ്പെടുത്തിയിരുന്നു.