ഡെബിറ്റ്‌/ക്രെഡിറ്റ്‌് കാര്‍ഡ്‌ ഓണ്‍ലൈന്‍ ഇടപാടിന്‌ നിയന്ത്രണം

0 250

ഡെബിറ്റ്‌/ക്രെഡിറ്റ്‌് കാര്‍ഡ്‌ ഓണ്‍ലൈന്‍ ഇടപാടിന്‌ നിയന്ത്രണം

പാലക്കാട്‌: റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദേശപ്രകാരം ഡെബിറ്റ്‌/ക്രെഡിറ്റ്‌ കാര്‍ഡുകളുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള നിയന്ത്രണം തിങ്കളാഴ്‌ച പ്രാബല്യത്തിലാവും. ഇതുവരെയും ഒരു ഓണ്‍ലൈന്‍ ഇടപാടുപോലും നടത്താത്ത ഡെബിറ്റ്‌/ക്രെഡിറ്റ്‌ കാര്‍ഡുകള്‍ 16 നുശേഷം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക്‌ ഉപയോഗിക്കാനാവില്ല. എ.ടി.എം കാര്‍ഡുകളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ട്‌ പേയ്‌മെന്റ്‌ ആന്‍ഡ്‌ സെറ്റില്‍മെന്റ്‌ സിസ്‌റ്റംസ്‌ ആക്‌റ്റ്‌, 2007 ലെ സെക്ഷന്‍ 10 (2) പ്രകാരമാണ്‌ റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദ്ദേശം. അതേസമയം, നിലവിലുള്ള കാര്‍ഡ്‌ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ഒഴികെയുള്ള മറ്റ്‌ ഇടപാടുകള്‍ക്ക്‌ യാതൊരു തടസവും നേരിടില്ല. 16 നു മുമ്ബായി ഒരു ഓണ്‍ലൈന്‍ ഇടപാടെങ്കിലും നടത്തിയാലും പുതിയ നിയന്ത്രണം ഒഴിവാക്കാം.
ഇതുസംബന്ധിച്ച്‌ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക്‌ എസ്‌.എം.എസ്‌. സന്ദേശം അയച്ചു തുടങ്ങി. ആഭ്യന്തരമോ അന്തര്‍ദേശീയമോ ആയ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക്‌ ഇതുവരെയും കാര്‍ഡ്‌ ഉപയോഗിക്കാത്തവര്‍ക്കാണ്‌ സന്ദേശം അയക്കുന്നത്‌.
കാര്‍ഡുകള്‍ ഓണ്‍ലൈന്‍ ഇടപാടിന്‌ പ്രയോഗക്ഷമമാക്കാന്‍ അതത്‌ ബാങ്കുകളുടെ നിര്‍ദേശപ്രകാരം എസ്‌.എം.എസ്‌ സന്ദേശം തിരിച്ചയക്കാനും പറയുന്നുണ്ട്‌. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ എ.ടി.എം കാര്‍ഡുകളുടെ ഉപയോഗം ആവശ്യമനുസരിച്ച്‌ ക്രമീകരിക്കാനുള്ള സൗകര്യങ്ങള്‍ ബാങ്കുകള്‍ മൊബൈല്‍ ആപ്പു വഴി നല്‍കുന്നുണ്ട്‌. പുതിയ നിയന്ത്രണം മറയാക്കി തട്ടിപ്പു സംഘങ്ങള്‍ കളത്തിലിറങ്ങുമോ എന്ന ആശങ്കയിലാണ്‌ സാധാരണക്കാര്‍.