അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ തീരുമാനം

0 632

ചെറുതാഴം, കടന്നപ്പള്ളി – പാണപ്പുഴ, പരിയാരം, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തുകളില്‍ പൊതുജനങ്ങള്‍ക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താന്‍ തീരുമാനം. ടി വി രാജേഷ് എം എല്‍ എയുടെ അധ്യക്ഷതയില്‍ ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന കോവിഡ് 19യുമായി  ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രസ്തുത പഞ്ചായത്തുകളിലെ ചില  പ്രദേശങ്ങളില്‍  അവശ്യ സാധനങ്ങളുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് പരിഹരിക്കുന്നതു മായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടായ പ്രയാസത്തിന്റെ അടിസ്ഥാനത്തിലാണ് എം എല്‍ എ അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തത്. അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി മാത്രമെ എത്തിക്കുകയുള്ളു.
ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പഞ്ചായത്തുകളിലെയും ഒരു വാര്‍ഡില്‍ ഒരു കട വീതം തുറന്ന് പ്രവര്‍ത്തിക്കും. പിലാത്തറയില്‍ ഹോള്‍സെയില്‍ കടകള്‍ തുറക്കാനും തീരുമാനിച്ചു.  കൂടാതെ മൂന്ന് വീതം പലവ്യഞ്ജന കടയും  പച്ചക്കറി കടയും, രണ്ട് വീതം ഫ്രൂട്സ്, ബേക്കറി കടയും തുറന്ന് പ്രവര്‍ത്തിക്കും. ഒരു കടക്ക് രണ്ട് ദിവസമാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി. ഓരോ ദിവസവും തുറക്കേണ്ട കടകള്‍ സംമ്പന്ധിച്ച് പഞ്ചായത്ത് മുഖേന അറിയിപ്പ് നല്‍കും. പ്രസ്തുത സ്ഥാപനങ്ങളുടെ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഹോം ഡെലിവറിയായി അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. ചിക്കല്‍ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ചിക്കനും ഹോം ഡെലിവറി മാത്രമായിരിക്കും നടത്തുക.
പരിയാരം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. പരിയാരം പഞ്ചായത്തിലെ ഏബേറ്റ്, പൊയ്യില്‍, ചുടല എന്നിവിടങ്ങളിലെ രണ്ട് വീതം പലചരക്ക്  കടകളും ഓരോ ഫ്രൂട്സ്, ബേക്കറി കടയും തുറക്കും.
അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ പൊലീസും, തദ്ദേശ സ്വയംഭരണ, റവന്യൂ അധികാരികളും സന്ദര്‍ശിക്കാനും ലോക് ഡൗണിനു ശേഷം സര്‍ക്കാര്‍ ട്രെയിന്‍ അനുവദിക്കുന്ന മുറക്ക് നാട്ടില്‍ എത്തിക്കുന്നതിനുള്ള എല്ലാ വിധസൗകര്യങ്ങളും ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കിണര്‍ നിര്‍മാണം, ശുചീകരണം, വീട് നിര്‍മ്മാണം, കൃഷി എന്നിവയക്ക് അനുമതി നല്‍കും. എന്നാല്‍  അഞ്ചില്‍ കുടുതല്‍ പേര്‍ ഉണ്ടാകാന്‍ പാടില്ല. സാമൂഹിക അകലം പാലിച്ച് പ്രവൃത്തികള്‍ നടത്താവുന്നതാണ്.
എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണമെന്നും, സന്നദ്ധ സംഘടനകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാസ്‌ക് നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു. മാസ്‌ക് നിര്‍മ്മിച്ച് നല്‍കുന്നതിന് തയ്യല്‍ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പഞ്ചായത്തു പ്രസിഡന്റുമാരായ പി പ്രഭാവതി ( ചെറുതാഴം), ഇ പി ബാലകൃഷ്ണന്‍  ( കടന്നപ്പള്ളി – പാണപുഴ), എ രാജേഷ് (പരിയാരം), പയ്യന്നൂര്‍ തഹസില്‍ദാര്‍ ബാലഗോപാലന്‍,  പരിയാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ വി ബാബു,  പഞ്ചായത്ത് സെക്രട്ടറിമാരായ സി എം ഹരിദാസ് (ചെറുതാഴം), വി പി സന്തോഷ് കുമാര്‍  ( പരിയാരം), ടി വി ബാലകൃഷണന്‍ ( കടന്നപ്പള്ളി – പാണപ്പുഴ), സുനില്‍കുമാര്‍ (കുഞ്ഞിമംഗലം), വില്ലേജ് ഓഫീസ് പ്രതിനിധികളായ ടി രജീഷ് കുമാര്‍  (കുഞ്ഞിമംഗലം) എം രാജീവന്‍ (ചെറുതാഴം)
വ്യാപാരി  പ്രതിനിധികളായ കെ സി രഘുനാഥന്‍, ടി സി വില്‍സണ്‍  എന്നിവര്‍ പങ്കെടുത്തു.