ബവ്കോ, കൺസ്യൂമർഫെഡ് മദ്യശാലകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ നീട്ടാൻ തീരുമാനം

0 589

ബവ്കോ, കൺസ്യൂമർഫെഡ് മദ്യശാലകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ നീട്ടാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനമായി. ബവ്കോ, കൺസ്യൂമർഫെഡ് മദ്യശാലകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ നീട്ടാൻ സർക്കാർ തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ.

“നിലവിൽ രാവിലെ ഒൻപത് മുതൽ അഞ്ച് വരെയാണ് മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കുന്നത്. ഇത് രണ്ട് മണിക്കൂർ കൂടി നീട്ടി. മദ്യവിൽപ്പനശാലകൾ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. ഓണത്തിനു മുൻപായി ഈ തീരുമാനം നടപ്പിലാക്കും. ബാറുകൾക്ക് സാധാരണ പോലെ വെെകീട്ട് അഞ്ച് വരെ മാത്രമായിരിക്കും പ്രവർത്തനാനുമതി. ഈ സമയക്രമം ഓണക്കാലത്തേക്ക് മാത്രമല്ല,” ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എക്‌സെെസ് മന്ത്രി പറഞ്ഞു.

പ്രവർത്തനസമയം നീട്ടിയതിലൂടെ ഓരോ മദ്യശാലയിലും 200 ടോക്കണുകൾ അധികം നൽകാനാകുമെന്ന് അധികൃതർ പറയുന്നു. ബെവ്ക്യൂ ആപ്പിന്റെ ബുക്കിങ് രീതിയിലും മാറ്റം വരും. നിലവിൽ ബെവ്‌ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്‌താൽ പിന്നീട് മൂന്ന് ദിവസം കാത്തിരിക്കണം, എങ്കിലേ അടുത്ത ബുക്കിങ് സാധ്യമാകൂ. ഇനിമുതൽ ദിവസവും ബെവ്‌ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും.

അതേസമയം, തിരുവോണ ദിവസം ബിവറേജസ് കോർപ്പറേഷൻ വഴി മദ്യവിൽപ്പനയില്ല. തിരുവോണത്തിന് ബിവറേജസ് ഔട്ട്‌ലറ്റുകൾ അടച്ചിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ബിവറേജസ് ഔട്ട്‌ലറ്റുകൾക്ക് അവധി പ്രഖ്യാപിച്ച് ബാറുകള്‍ തുറക്കാൻ അനുമതി നൽകിയിരുന്നു. തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് ബിവറേജസ് ഔട്ട്‌ലറ്റുകൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് സർക്കാർ അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.