മുഖ്യമന്ത്രിയുടെ പ്രതിദിന പത്രസമ്മേളനം ഉപേക്ഷിക്കാൻ തീരുമാനം

0 516

മുഖ്യമന്ത്രിയുടെ പ്രതിദിന പത്രസമ്മേളനം ഉപേക്ഷിക്കാൻ തീരുമാനം

രണ്ടരമാസത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവന്നിരുന്ന കോവിഡ് 19 സംബന്ധിച്ചുള്ള പ്രതിദിന പത്രസമ്മേളനം അതേപടി ഇനിമുതൽ ഉണ്ടാവില്ല. കാര്യമായ പ്രഖ്യാപനങ്ങളുണ്ടെങ്കിൽമാത്രം പത്രസമ്മേളനം മതിയെന്നാണ് ആലോചന. അതല്ലെങ്കിൽ ഇടവിട്ടുള്ള ദിവസങ്ങളിലോ മന്ത്രിസഭായോഗം നടക്കുന്ന ബുധനാഴ്ചകളിലോ പത്രസമ്മേളനം മതിയെന്ന ഉപദേശവുമുണ്ട്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണവിധേയമായ ഘട്ടത്തിൽ പത്രസമ്മേളനം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് പുനരാരംഭിച്ചു. സ്‌പ്രിംക്ലർ ഡേറ്റാ വിവാദം അടക്കമുള്ള വിഷയങ്ങളിൽനിന്ന് ഒളിച്ചോടാനാണ് പത്രസമ്മേളനം ഉപേക്ഷിച്ചതെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, പുനരാരംഭിക്കണമെന്ന് വിദേശമലയാളികൾ അടക്കമുള്ളവർ സമ്മർദംചെലുത്തിയ സാഹചര്യത്തിലാണ് പത്രസമ്മേളനം പുനരാരംഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

പ്രവാസികളുടെ വരവുതുടരുന്നതിനാൽ ജൂലായ് പകുതിവരെ രോഗവ്യാപനത്തോത് ഉയരുമെന്നാണ് സർക്കാർ വിലയിരുത്തൽ. ലോക്ഡൗൺ ഇളവുകൾ നിലവിൽവരുകയും പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കുകയുംചെയ്ത സാഹചര്യത്തിൽ പത്രസമ്മേളനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ.