ദീപുവിന്‍റേത് ആസൂത്രിത കൊലപാതകം; ശ്രീനിജന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കണമെന്ന് സാബു ജേക്കബ്

0 466

മര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച ദീപുവിന്‍റേത് ആസൂത്രിത കൊലപാതകമെന്ന് ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ്. ഒരാഴ്ച മുൻപാണ് ലൈറ്റ് അണക്കൽ സമരം പ്രഖ്യാപിച്ചത്. 10 വർഷത്തിനിടെ ഒരു ട്വന്‍റി ട്വന്‍റി പ്രവർത്തകനും ആരെയും ആക്രമിച്ചിട്ടില്ല. പക്ഷെ ഞങ്ങളുടെ പ്രവർത്തകർ പല തവണ ആക്രമിക്കപ്പെട്ടു. ശ്രീനിജൻ എം.എല്‍.എ ആയ ശേഷം 50ഓളം പേർ ആക്രമിക്കപ്പെട്ടുവെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയമം ലംഘിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയും ട്വന്‍റി ട്വന്‍റി നടത്തിയിട്ടില്ല. പത്തു മാസമായി നാലു പഞ്ചായത്തുകളില്‍ അക്രമ അന്തരീക്ഷമാണ്. പഞ്ചായത്തിന്‍റെ ദൈനം ദിന പ്രവർത്തനങ്ങൾ സഖാക്കളെ വെച്ച് തടസപ്പെടുത്തുകയാണെന്നും സാബു പറഞ്ഞു. പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ടുപോയത്. അതിനു തടസം നിന്നു കഴിഞ്ഞപ്പോള്‍ എല്ലാവരും പ്രതിഷേധിക്കാന്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ സമാധാനപരമായ സമീപനമാണ് എടുത്തത്. ലൈറ്റ് അണക്കൽ സമരത്തിൽ ട്വന്‍റി ട്വന്‍റി എടുത്തത് ഗാന്ധിയൻ സമീപനമാണ്.

ട്വന്‍റി ട്വന്‍റിയുടെ സജീവ പ്രവർത്തകനാണ് ദീപു. അക്രമികൾ മുൻ‌കൂട്ടി പ്ലാൻ ചെയ്ത് പതുങ്ങി ഇരിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വാർഡ് മെമ്പർ എത്താൻ 15 മിനിറ്റ് എടുത്തു. വാർഡ് മെമ്പർ എത്തിയപ്പോഴും മർദനം തുടരുകയായിരുന്നു. പ്രൊഫഷണൽ കൊലപാതകമാണിത്. പുറത്ത് ഒരു പരിക്കും കാണാനില്ല. ആന്തരിക അവയവങ്ങൾ മുഴുവൻ നശിപ്പിച്ചു. മര്‍ദനത്തിന് ശേഷം കേസ് കൊടുക്കരുതെന്ന് പറഞ്ഞു ദീപുവിനെ ഭീഷണിപ്പെടുത്തി. പിറ്റേ ദിവസവും ദീപുവിനെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ട് ബക്കറ്റ് പിരിവിന് ചെന്നതാണെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞത്. കൃത്യം നടത്തുന്നതിന് മുൻപും ശേഷവും എം.എല്‍.എയുമായി പ്രതികൾ ചർച്ച നടത്തി. ഗൂഢാലോചന നടത്തുകയും ചെയ്തതായി സാബു ആരോപിച്ചു. അഞ്ചാം തിയതിക്കും 12ാം തിയതിക്കും ഇടക്കാണ് ഗൂഢാലോചന നടത്തിയത്. കേസില്‍ പി.വി ശ്രീനിജന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കണം. സി.പി.എം പ്രവർത്തകരോട് എന്തു വേണമെങ്കിലും ചെയ്തോ എന്നാണ് എം.എൽ.എ പറഞ്ഞിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന്‍റെ പോസ്റ്ററുകൾ കീറിക്കളഞ്ഞു. എം.എല്‍.എയും എം.എൽ.എയുടെ ഗുണ്ടകളും വിളയാട്ടം നടത്തുകയാണെന്നും സാബു ജേക്കബ് പറഞ്ഞു.

അർഹത ഇല്ലാത്തവർക്ക് അധികാരം കിട്ടിയതിന്‍റെ ഇരയാണ് ദീപു. അക്രമികളുടെയും കൊലയാളികളുടെയും നാടായി കേരളം മാറി. തിങ്കളാഴ്ച രാത്രി ചോര ഛർദ്ദിച്ചാണ് ദീപുവിനെ ആശുപത്രിയിൽ കൊണ്ടുപോയത്. ദീപുവിനെ 4 ദിവസം വെന്‍റിലേറ്ററിൽ ഇട്ടു. വെന്‍റിലേറ്റര്‍ മാറ്റിയാൽ ദീപു മരിക്കുമെന്ന് എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കാനാണ് ഇത്. ആശുപത്രി അധികൃതരുമായി ചേർന്ന് ഗൂഢാലോചന നടത്തി. ആക്രമിച്ചു എന്ന് ദീപു തന്നെ മൊഴി നൽകിയിട്ടുണ്ട്. എം.എൽ.എയുടെയും പ്രതികളുടെയും ഫോൺ പരിശോധിക്കണം. ഈ കൊലപാതക ഗൂഢലോചന മാത്രമല്ല 10 മാസമായി നടത്തിയ കാര്യങ്ങളിലും വ്യക്തമല്ല. എം.എൽ.എയെ പ്രതിയാക്കി അറസ്റ്റ് ചെയ്യണം. ശ്രീനിജൻ കുന്നത്തുനാട് എം.എൽ.എ ആയ ശേഷം സ്ഥിതി ഇത്രയും മോശമായത്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന്‍റെ പേരിൽ നിർബന്ധിത പണപ്പിരിവ് ഇല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നും സാബു പറഞ്ഞു.