അയ്യങ്കുന്നിലെ കെ എസ് ടി പി റോഡ് നിർമാണത്തിലെ അപാകത; യൂത്ത് കോൺഗ്രസ്‌ പരസ്യ പ്രതിഷേധത്തിലേക്ക്

0 500

അയ്യങ്കുന്ന്: റീ-ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചിലവഴിച്ചു നിർമ്മിക്കുന്ന റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും കാലതാമസവും നാട്ടുകാർ ഉന്നയിക്കുന്ന പരാതികളും പരിഹരിച്ചില്ലെങ്കിൽ സമര മുഖത്തേക്ക് ഇറങ്ങുമെന്ന് യൂത്ത് കോൺഗ്രസ്‌ അയ്യങ്കുന്ന് മണ്ഡലം കമ്മറ്റി.

കോടികൾ മുടക്കി കൊട്ടിഘോഷിച്ചു ലോകോത്തര നിലവാരത്തിൽ പണിയും എന്ന് പ്രഖ്യാപിച്ച റോഡുകൾക്കും കലുങ്കുകൾക്കും പഞ്ചായത്ത് റോഡുകളുടെ നിലവാരം പോലുമില്ല എന്നത് പ്രതിഷേധാർഹമാണ്. വരും കാലത്തിനു അനുയോജ്യമായി ലോക നിലവാരത്തിൽ നിർമ്മിക്കും എന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ വിലയുള്ള സ്ഥലം ജനങ്ങളോട് സൗജന്യമായി വാങ്ങി നിർമിച്ച റോഡിന് ചില സ്ഥലങ്ങളിൽ 5 മീറ്റർ വീതി മാത്രമാണുള്ളത് എന്നതും കലുങ്കുകൾക്ക് 7 മീറ്റർ മാത്രമാണ് വീതി ഉള്ളത് എന്നതും ഗൗരവമായി കാണേണ്ട വിഷയങ്ങൾ ആണ്. പതിനൊന്ന് മീറ്റർ വീതിയുള്ള റോഡിൽ ഇത്തരത്തിലുള്ള കലുങ്കുകൾ വലിയ അപകടങ്ങൾക്ക് കാരണമാകും . ഒരു കിലോമീറ്ററിന് അഞ്ചര കോടി നിർമ്മാണ ചിലവ് കണക്കാക്കുന്ന ഒരു പദ്ധതിയിൽ ആണ് ഇത്തരം പ്രവർത്തികൾ അരങ്ങേറുന്നത്.
സമയ ബന്ധിതമായി പൂർത്തിയാക്കും എന്ന് പറഞ്ഞ നിർമ്മാണ പ്രവർത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണെന്നും വിഷയങ്ങൾ പരിഹരിച്ച് കാലാനുസൃതമായി നിർമ്മാണം നടത്താത്ത പക്ഷം വിവിധ സമരപരിപാടികളുമായി മുൻപോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിൻ തോമസ് ജില്ലാ സെക്രട്ടറി ശ്രീകാന്ത് എന്നിവർ അറിയിച്ചു.

Get real time updates directly on you device, subscribe now.