പ്രതി രാജേന്ദ്രൻ പണം സ്ത്രീ സുഹൃത്തുകൾക്കും നൽകി ; തെളിവെടുപ്പ് തുടരുന്നു

0 416

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസിൽ കൊല്ലപ്പെട്ട വിനിതയുടെ മാല പണയപ്പെടുത്തി കിട്ടിയ പണം പ്രതി രാജേന്ദ്രൻ രണ്ട് സുഹൃത്തുക്കൾക്കും നൽകി. കാവൽ കിണറിലെ രണ്ട് സ്ത്രീകൾക്കാണ് പണം നൽകിയത്. ഈ വീടുകളിൽ പൊലീസ് പരിശോധന നടത്തി.ഇതിൽ ഒരു സ്ത്രീ ഒളിവിൽ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച മാലയുടെ ലോക്കറ്റ് ഈ സ്ത്രീയുടെ കൈവശമുണ്ടോയെന്നാണ് പൊലീ‌സിന്റെ സംശയം.

അമ്പലമുക്ക് വിനിത കൊലക്കേസിൽ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചാണ് തുടക്കം മുതൽ  പ്രതി രാജേന്ദ്രന്റെ മൊഴികൾ. വിനീതയുടെ മാലയുടെ ലോക്കറ്റ് തമിഴ് നാട്ടിലെ കാവൽക്കിണറിലുണ്ടെന്ന് രാജേന്ദ്രൻ്റെ മൊഴിയെ തുടർന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇതേവരെ കണ്ടെത്തിയിട്ടില്ല.പ്രതി രാജേന്ദ്രനെ കൂടുതൽ ചോ​ദ്യം ചെയ്യാനും തെളിവെടുപ്പ് വിപുലമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നും തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തും

അന്വേഷണ സംഘത്തെ വട്ടം കറക്കുകയാണ് കൊടുംക്രിമിനലായ രാജേന്ദ്രൻ. അലങ്കാരചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി സ്വർണം കവർന്ന ശേഷം രക്ഷപ്പെട്ട രാജേന്ദ്രനെ നാലു ദിവസത്തിനുശേഷമാണ് പിടികൂടിയത്. പിടികൂടുമ്പോഴും കുറ്റസമ്മതം നടത്താൻ പ്രതി തയ്യാറായിരുന്നില്ല. പരസ്പരവിരുദ്ധമായ മൊഴി നൽകിയ പ്രതിയെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തുകയും മോഷ്ടിച്ച സ്വർണം അഞ്ചുഗ്രാമത്തിലെ സ്വർണ പണയ സ്ഥാപനത്തിൽ വച്ചതായും പറഞ്ഞത്.

രാജേന്ദ്രനുമായി അ‍ഞ്ചുഗ്രാമത്തിലെത്തിയ അന്വേഷണ സംഘം സ്വർണ മാല എടുത്തുവെങ്കിലും അതിൽ ലോക്കറ്റുണ്ടായിരുന്നില്ല. ലോക്കറ്റ് ഒളിവിൽ താമസിച്ച ലോഡ്ജിലുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നും രാജേന്ദ്രനുമായി പരിശോധന നടത്തി. പക്ഷെ ലോക്കറ്റ് മുറിയിൽ നിന്നും കണ്ടെത്താനായില്ല. കൊലപാതകത്തിനിടെ രാജേന്ദ്രന്റെ കൈയിൽ മുറിവേറ്റിരുന്നു. ഇതിന് പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയതിൻെറ ഒപി ടിക്കറ്റ് രാജേന്ദ്രൻ താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ നിന്നും കണ്ടെത്തി.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി മുട്ടയിലെ കുളത്തിൽ ഉപേക്ഷിച്ചുവെന്ന രാജേന്ദ്രൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. കൊലപാതക സമയത്ത് ധരിച്ച ഷർട്ട്മാത്രമാണ് കണ്ടെത്തിയത്. കത്തി ഓട്ടോയിൽ രക്ഷപ്പെടുമ്പോള്‍ ഉപേക്ഷിച്ചുവെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇങ്ങനെ അന്വേഷണ സംഘത്ത വിദഗ്ദമായി കബളിപ്പിക്കുകയാണ് രാജേന്ദ്രൻ. ഇനിയും പ്രധാന തെളിവുകള്‍ കണ്ടെത്താൻ പൊലീസിന്  വിശദമായ അന്വേഷണം നടത്തണം.

അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരി വിനീതയെയാണ് സ്വർണം കൈക്കലാക്കാൻ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള കഴിഞ്ഞ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല.സിസിടിവിയുടെ അടക്കം സഹായത്തോടെയാണ് രാജേന്ദ്രനെ പിടികൂടിയത്

അമ്പലമുക്കിലെ ചെടിക്കടക്കുള്ളിൽ വച്ച് വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്.  രക്തകറ പുരണ്ട ഷർട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് ഓട്ടോയിൽ കയറി പോയത്.

കൊടും ക്രിമിനലായ രാജേന്ദ്രൻ പൊലീസിനെ കുഴയ്ക്കുന്ന രീതിയിലാണ് മൊഴികള്‍ നൽകുന്നത്. കത്തി കണ്ടെത്താൻ ഇനിയും തെളിവെടുപ്പ് തുടരും. കുളത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് രാജേന്ദ്രനെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്. ഉള്ളൂരിലെ സിസിടിവി ദൃശ്യങ്ങളിൽ ടീ ഷർട്ട് ധരിച്ച രാജേന്ദ്രന്‍ ഒരു സ്കൂട്ടറിന് പിന്നിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസിന് തൊണ്ടി മുതൽ ഇടക്കെവിടെയോ ഇയാള്‍ ഉപേക്ഷിച്ചുവെന്ന് സംശയം തോന്നിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതൽ ഉപേക്ഷിച്ച കാര്യം രാജേന്ദ്രൻ സമ്മതിച്ചത്.