ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു, ഉറങ്ങാതെ നേരം വെളുപ്പിച്ചു, അവസാന ആഗ്രഹം പറയാതെ തൂക്കുകയറിലേക്ക്
ന്യൂഡല്‍ഹി: തൂക്കിലേറ്റുന്നതിനു മുമ്ബുള്ള സമയങ്ങളില്‍ പ്രത്യേകം സെല്ലുകളിലായിരുന്നു നാലു കുറ്റവാളികളെയും പാര്‍പിച്ചിരുന്നത്. നാലുപേരും ഭക്ഷണം കഴിക്കാന്‍ പോലും താതപര്യം കാണിച്ചില്ല എന്നാണ് ജയിലിനുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നാലുപേരും രാത്രി മുഴുവന്‍ സമയവും ഉറങ്ങിയില്ല. അവസാന ആഗ്രഹം പോലും നാലുപേരും അറിയിച്ചില്ലെന്നും തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
3.30നാണ് നാല് പേരെയും എഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് തൂക്കുകയറിലേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഈ സമയമത്രയും തീഹാര്‍ ജയിലും പരിസരവും. ജയിലിനുള്ളിലെ തടവുകാരെ എല്ലാവരെയും സെല്ലിനുള്ളില്‍ പൂട്ടിയിട്ടു.
കൃത്യം 5.30നാണ് നാലുപേരെയും തൂക്കിലേറ്റിയത്. തീഹാര്‍ ജയിലിനുള്ളില്‍ വെച്ച് തന്നെ ഡോക്ടര്‍ നാലുപേരുടെയും മരണം സ്ഥിരീകരിച്ചു. ഡിഡിയു ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. പോസ്റ്റ്മോര്‍ട്ടം നടപടികളുടെ മുഴുവന്‍ വീഡിയോയും ചിത്രീകരിക്കും.
കുറ്റവാളികള്‍ക്ക് വധ ശിക്ഷ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബലാത്സംഗ കേസാണിത്. 2004ല്‍ 14 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് ഇതിനു മുമ്ബ് ധനഞ്ജോയ് ചാറ്റര്‍ജിയെയാണ് തൂക്കിലേറ്റിയത്.
വ്യാഴാഴ്ച രാവിലെ പ്രതികള്‍ക്ക് വേണ്ടി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കാന്‍ അഭിഭാഷകര്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മരണ വാറണ്ട് റദ്ദാക്കില്ലെന്ന് കോടതി നിലപാടെടുത്തു. തുടര്‍ന്ന് ഒമ്ബതുമണിയോടെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. എന്നാല്‍ ഹര്‍ജി കോടതി തള്ളി. ഇതിന് പിന്നാലെ സുപ്രീം കോടതിയെ അഭിഭാഷകര്‍ സമീപിച്ചു. അര്‍ധരാത്രി കോടതിമുറി തുറന്ന് പ്രതികള്‍ക്കുവേണ്ടി പരമോന്നത നീതി പീഠം വീണ്ടും വാദം കേട്ടു. ഇതിനെല്ലാമൊടുവിലാണ് രാജ്യം കാത്തിരുന്ന വിധി നടപ്പിലായത്.