ഡല്‍ഹിയിലെ ഫ്ലാറ്റില്‍ മലയാളികളായ അമ്മയും മകളും കൊല്ലപ്പെട്ടു

0 370

 

 

ന്യൂഡല്‍ഹി: മലയാളികളായ അമ്മയെയും മകളെയും ഡല്‍ഹിയിലെ ഫ്ലാറ്റില്‍ കുത്തിക്കൊന്നു. എറണാകുളം സ്വദേശികളും ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരുമായ സുമിത വാട്‌സ്യാ (45), മകള്‍ സ്മൃത വാട്‌സ്യ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകളുടെ സുഹൃത്ത് വിക്രാന്ത് നാഗറെ പോലീസ് അറസ്റ്റ്ചെയ്തു.

കിഴക്കന്‍ ഡല്‍ഹി വസുന്ധരാ എന്‍ക്ലേവിലെ മന്‍സാരാ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ച രാവിലെ എട്ടോടെയാണു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു. ഞായറാഴ്ച രാത്രി വിക്രാന്തും മറ്റൊരാളും ഇവരുടെ ഫ്ലാറ്റില്‍ എത്തിയിരുന്നെന്ന് അയല്‍ക്കാര്‍ പോലീസിനു മൊഴിനല്‍കി. വിക്രാന്തും സ്മൃതയും തമ്മില്‍ ഈയിടെ അകന്നിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

രാജസ്ഥാനിലെ ജയ്‍പുരിലേക്ക് ബസില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ജയ്‍പുര്‍ റൂറല്‍ എസ്.പി. ശങ്കര്‍ ദത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈകീട്ടോടെ വിക്രാന്തിനെ പിടികൂടിയത്. ഇയാളെ ഡല്‍ഹി പോലീസിന് കൈമാറും. പ്രതിയെ ചോദ്യംചെയ്തശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.

ഡല്‍ഹിക്കടുത്ത് നോയ്ഡയില്‍ ഒരു സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണ് സുമിത. കൊച്ചിയിലെ പരേതനായ സ്റ്റീഫന്‍ പിന്‍ഹെറോയുടെയും മോണിക്കയുടെയും മകളാണ്. ജോസ്, ജോണ്‍, ജെനീറ്റ, തെരേസ, ഫ്ലോറി, ചാള്‍സ്, ജൂലിയറ്റ് എന്നിവരാണ് സഹോദരങ്ങള്‍. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ സ്മൃത പരിശീലനം നടത്തിവരികയായിരുന്നു. സുമിതയുടെ ഭര്‍ത്താവ് രാജേഷ് വാട്‌സ്യ വര്‍ഷങ്ങള്‍ക്കുമുമ്ബ് മരിച്ചിരുന്നു. ഇവര്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. നാടുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല.

ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.