കോണ്‍ഗ്രസിന്‍റെ രാജ്ഘട്ടിലെ സത്യഗ്രഹത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്

0 707

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് എതിരായി രാജ്ഘട്ടിൽ നടത്താനിരുന്ന കോൺഗ്രസ് സത്യഗ്രഹത്തിന് അനുമതിയില്ല. ഡല്‍ഹി പൊലീസാണ് അനുമതി നിഷേധിച്ചത്. സത്യഗ്രഹവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കുന്നത് നരേന്ദ്ര മോദി സർക്കാരിന്റെ ശൈലിയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉന്നയിച്ചാണ് സത്യഗ്രഹത്തിന് അനുമതി നിഷേധിച്ചത്.

രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ രാഷ്ട്രീയ പോരാട്ടവും നിയമ പോരാട്ടവും സജീവമാക്കുകയാണ് കോൺഗ്രസ്. സത്യഗ്രഹത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമാണ് നേതൃത്വം നല്‍കുന്നത്. സംസ്ഥാന തലസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രധാന നേതാക്കളെല്ലാം ഭാഗമാകും. പ്രതിപക്ഷ പാർട്ടികളും സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്.

തിങ്കളാഴ്ച മുതൽ മറ്റ് പ്രതിഷേധങ്ങൾക്കും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ രാഹുൽ ഗാന്ധിക്കെതിരായ വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകും. അഭിഷേക് മനു സിംഗ്‍വി അടങ്ങുന്ന സമിതി ഇന്ന് യോഗം ചേർന്നേക്കും.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് സത്യഗ്രഹം സംഘടിപ്പിക്കും. വൈകുന്നേരം 5 മണി വരെയാണ് സത്യഗ്രഹമിരിക്കുന്നത്. തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യഗ്രഹം.