ഡൽഹി കലാപം: വാട്സ്ആപ്പ് ഗ്രൂപ്പിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത പ്രചരിപ്പിച്ചതായി കുറ്റപത്രം

0 656

ഡൽഹി കലാപം: വാട്സ്ആപ്പ് ഗ്രൂപ്പിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത പ്രചരിപ്പിച്ചതായി കുറ്റപത്രം

ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹി കലാപസമയത്ത് സൃഷ്ടിച്ച “കട്ടാർ ഹിന്ദു ഏകത” എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്ന തരത്തിൽ പ്രവർത്തിച്ചതായി ചെയ്തുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അനുബന്ധ കുറ്റപത്രത്തിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്.

ഫെബ്രുവരി 25 ന് ഈ വാട്സ്ആപ്പ് സൃഷ്ടിച്ചത് മുസ്ലീം സമുദായത്തോട് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഗ്രൂപ്പിലെ ചില ചാറ്റുകളുടെ ഭാഗങ്ങളും അനുബന്ധ കുറ്റപത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. ആർ‌എസ്‌എസ് (രാഷ്ട്രീയ സ്വയംസേവക സംഘം) പ്രവർത്തകർ തങ്ങളെ പിന്തുണയ്ക്കാൻ എത്തുമെന്ന് ചാറ്റിൽ ഗ്രൂപ്പ് അംഗങ്ങളിലൊരാൾ ആരോപിച്ചതായി ചാറ്റ് വിശദാംശങ്ങൾ സംബന്ധിച്ച ഭാഗങ്ങളിൽ പറയുന്നു.

ചില സംഭാഷണങ്ങളിൽ ഗ്രൂപ്പ് അംഗങ്ങൾ സാമുദായിക അധിക്ഷേപം നടത്തിയതായും മദ്രസകൾ, പള്ളികൾ എന്നിവ നശിപ്പിക്കുന്നതിനെക്കുറിച്ചും, മുസ്ലീങ്ങളെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചും പറയുന്നതായി പൊലീസ് സമർപിച്ച രേഖകളിൽ പറയുന്നു.

ഗോകുൽപുരിയിൽ കലാപത്തിനിടെ ഹാഷിം അലി എന്നയാൾ കൊല്ലപ്പെട്ട കേസിൽ ഒമ്പത് പേർക്കെതിരെ പോലീസ് സെപ്റ്റംബർ 26 ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പുരുഷോത്തം പതക്കിന് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

അനുബന്ധ കുറ്റപത്രത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-എ (മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തൽ), 505 (സാമൂഹികമായി കുഴപ്പങ്ങളുണ്ടാക്കൽ) വകുപ്പുകൾ പ്രകാരമുള്ള കുറ്റം പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നു.

പ്രതികളായ ലോകേഷ് കുമാർ സോളങ്കി, പങ്കജ് ശർമ, സമ്മിറ്റ് ചൗധരി, അങ്കിത് ചൗധരി, പ്രിൻസ്, ജതിൻ ശർമ, വിവേക് പഞ്ചാൽ, റിഷഭ് ചൗധരി, ഹിമാൻഷു താക്കൂർ എന്നിവർ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുണ്ട്.

ഫെബ്രുവരി 24 നാണ് വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം ആരംഭിച്ചത്. പൗരത്വ നിയമത്തെ അനവുകൂലിക്കുന്നവരും നിയമത്തിനെതിരെ പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷങ്ങൾ നിയന്ത്രണാതീതമായിരുന്നു. 53 പേർ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു