ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. വടക്കു-കിഴക്കന്‍ മേഖലയിലുണ്ടായ കലാപത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടിയാണ് മരിച്ചത്. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസഖ്യ ഉയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മൂന്ന് ദിവസങ്ങളായി തുടര്‍ന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം കലാപബാധിത പ്രദേശങ്ങള്‍ ഇന്ന് ശാന്തമാണ്. അര്‍ധസൈനിക വിഭാഗത്തെ കലാപബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. പലയിടത്തും പോലീസിന്റെ സാന്നിധ്യം ഇന്നാണ് കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കലാപ പ്രദേശങ്ങളിലുണ്ടായിരുന്ന നാമമാത്ര പോലീസുകാരെ നോക്കുകുത്തിയാക്കിയാണ് കലാപകാരികള്‍ തെരുവില്‍ അഴിഞ്ഞാടിയത്.
60 ഓളം പോലീസുകാര്‍ ഉള്‍പ്പടെ 250 ഓളം പേര് ഇപ്പോഴും ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. അതിനിടെ ഡല്‍ഹിയിലെ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിനായി അമിക്കസ് ക്യൂറിയെയും കോടതി നിയോഗിച്ചു.