ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെടുന്നവെന്ന നുണപ്രചാരണം നടത്തിയ 22 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാവിലെ മുതല്‍ സോഷ്യല്‍ മീഡിയ വഴി ഇത്തരം പ്രചരണങ്ങള്‍ വന്നതോടെ ജനങ്ങള്‍ വീണ്ടും പരിഭ്രാന്തിയിലായിരുന്നു. ജനങ്ങള്‍ പലരും വീട്ടില്‍ നിന്നു പുറത്തിറങ്ങിയില്ല.
ഡല്‍ഹി മെട്രോയിലെ ചില സ്റ്റേഷനുകള്‍ ഇത്തരം പ്രചരണങ്ങളെ തുടര്‍ന്ന് അടച്ചിടുകയും പിന്നീട് തുറക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിലേക്ക് പരിഭ്രാന്തരായി ഒട്ടേറെപ്പേര്‍ വിളിച്ചതോടെയാണ് നുണപ്രചരണമാണെന്നു പലര്‍ക്കും മനസിലായത്. ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നവരെ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു.
ഗോവിന്ദപുരിയിലും കാല്‍ക്കാജിയിലും ജനങ്ങള്‍ സംഘടിക്കുകയാണെന്ന തെറ്റായ വാട്സ്ആപ് സന്ദേശം തനിക്കും ലഭിച്ചെന്ന് ആം ആദ്മി എംഎല്‍എ അതിഷി അറിയിച്ചു. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ കേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.