ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി അനുകൂലികളുടെ നേതൃത്വത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയത് വന്‍ കലാപം. ജയ്‌ശ്രീറാം വിളികളോടെ എത്തിയ സംഘപരിവാറുകാര്‍ പ്രതിഷേധക്കാര്‍ക്കുനേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പൊലീസിനൊപ്പം നിന്നാണ് അക്രമികള്‍ അഴിഞ്ഞാടിയത്. പ്രകോപനം രൂക്ഷമായതോടെ പ്രതിഷേധക്കാരും കല്ലെറിഞ്ഞു. ഇവര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്‌തു. പ്രതിഷേധക്കാരുടെ വീടുകളും കടകളും വാഹനങ്ങളും അക്രമികള്‍ കത്തിച്ചു.
സംഘപരിവാര്‍ അക്രമം വ്യാപിച്ചതോടെ വര്‍ഗീയകലാപങ്ങളുടെ മുന്‍ചരിത്രമുള്ള കിഴക്കന്‍ ഡല്‍ഹി കടുത്ത ഭീതിയിലാണ്. വര്‍ഗീയലക്ഷ്യത്തോടെ ആസൂത്രിതമായ ആക്രമണമാണ് ഇവിടെ നടന്നത്. ഒരു വിഭാഗത്തിന്റെ വീടുകളും കടകളും ആക്രമണത്തില്‍നിന്ന് ഒഴിവാക്കാന്‍ കാവി ക്കൊടി മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അക്രമികള്‍ നിര്‍ദേശിച്ചു. സീലാംപുര്‍, ജഫ്രബാദ്, മൗജ്‌പുര്‍, ബാബര്‍പുര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ക്കും കടകള്‍ക്കും മുന്നില്‍ ഇത്തരത്തില്‍ കൊടികള്‍ പ്രദര്‍ശിപ്പിച്ചു. ഇതരവിഭാഗത്തിന്റെ കടകളും വീടുകളും തെരഞ്ഞുപിടിച്ച് കത്തിച്ചു.