ഡെങ്കി പനി- എടവകയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും

0 587



എടവക കുടുംബാരോഗ്യ കേന്ദ്രം പരിധിയില്‍ ഡെങ്കിപ്പനി  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുടെ  നേതൃത്വത്തിലുളള സംഘം കുടുംബാരോഗ്യ കേന്ദ്രവും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശവും സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രദേശത്തു മാര്‍ച്ച് 2 വരെ തുടര്‍ച്ചയായി ഫീവര്‍ സര്‍വ്വേ നടത്തും.   റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ പനികളും  രോഗനിര്‍ണയം നടത്താന്‍ ഡി.എം.ഒ നിര്‍ദ്ദേശിച്ചു. വെക്ടര്‍ സര്‍വ്വേയ്ക്ക് ആശാവര്‍ക്കര്‍മാരെയും ഉള്‍പ്പെടുത്തി  സമഗ്രമായി നടത്തണം.  ട്രാവല്‍ ഹിസ്റ്ററി ഉള്ളവരെ കൃത്യമായി നിരീക്ഷിക്കേണ്ട ആവശ്യകത ആശമാര്‍ക്ക് ബോധ്യപ്പെടുത്തി ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ (പ്രത്യേകിച്ച്  ഡെങ്കി ബാധിത  പ്രദേശത്തു നിന്ന് വരുന്നവരെ ) സ്വീകരിക്കും. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത വീടുകളിലും അയല്‍വീടുകളിലും സ്‌പ്രെയിംഗ്  നടത്തും. വാര്‍ഡ് ഹെല്‍ത്ത് ഫണ്ട്  ഉപയോഗിച്ചാണ്  പ്രദേശത്തു ആവശ്യമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുക. ഡി.എം.ഒയുടെ അധ്യക്ഷതയില്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങള്‍.  ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി. ദിനീഷ്, ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍  ഡോ. അംജിത്ത് രാജീവ്,  ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരായ  ബാലന്‍ സി.സി , ഷാജി കെ.എം എടവക കുടുംബരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സഗീര്‍, എപിഡെമോളജിസ്റ്റ് സിബിന്‍,  വാര്‍ഡ് മെമ്പര്‍ അഹമ്മദ്കുട്ടി ബ്രാന്‍,  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഞ്ജുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. പനി വന്നാല്‍ ആരും സ്വയം ചികില്‍സിക്കരുതെന്നും ആരോഗ്യ കേന്ദ്രത്തില്‍ എത്തി ആവശ്യമായ ചികിത്സ ലഭിച്ചുവെന്ന് ഉറപ്പ് വരുത്തണമെന്നും ഡി എം ഒ ഡോ. കെ. സക്കീന അഭ്യര്‍ത്ഥിച്ചു.