ദേശാഭിമാനി ന്യൂസ് എഡിറ്ററെ മര്‍ദ്ദിച്ച സംഭവം: ചക്കരക്കല്‍ സിഐയ്ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം > ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായിയെ മര്‍ദ്ദിച്ച കണ്ണൂര്‍ ചക്കരക്കല്‍ സിഐ എ വി ദിനേശനെ സ്ഥലം മാറ്റി. വിജിലന്‍സിലേക്കാണ് സ്ഥലം മാറ്റം.
കഴിഞ്ഞ ശനിയാഴ്ച്ച മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തുവെച്ചായിരുന്നു സിഐ വിനോദ് മനോഹരനെ മര്‍ദ്ദിച്ചത്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന മുണ്ടയാട് ഹോട്ട്സ്പോട്ട് മേഖലയല്ല. എന്നിട്ടും വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി ആക്രോശിച്ചുകൊണ്ട്, മനോഹരനടക്കമുള്ളവര്‍ നിന്ന കടയിലേക്കു കയറിയ സിഐ സാധനങ്ങള്‍ വാങ്ങാന്‍ നിന്നവരെ അടിച്ചോടിച്ചു. ഓടാതെ മാറിനിന്ന മനോഹരനെ കൈയേറ്റം ചെയ്യുകയും ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു.
മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞ് അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും ജീപ്പിനടുത്തേക്ക് വലിച്ചിഴച്ചു. ഏതെങ്കിലും കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ ഫോട്ടോയും എടുത്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മനോഹരന്‍ മോറായി.