ദേവനന്ദയുടെ മരണത്തില്‍ നിര്‍ണായക തെളിവ്; ആറ്റില്‍ വീഴാനുള്ള സാഹചര്യം അന്വേഷിച്ച്‌ പൊലീസ്

0 468

 

കൊല്ലം: കൊല്ലത്ത് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല കുട്ടി വീണതെന്നാണ് ഫൊറന്‍സിക് തെളിവുകള്‍. ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ബന്ധുക്കളില്‍ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

വീടിന് 400 മീറ്റര്‍ അകലെ പള്ളിമണ്‍ ആറിനു കുറുകെ നിര്‍മിച്ച താല്‍ക്കാലിക നടപ്പാലത്തിനടുത്താണു ദേവനന്ദയുടെ മൃതദേഹം കണ്ടത്. എന്നാല്‍, ഈ ഭാഗത്തല്ല കുട്ടി വീണതെന്നാണു ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. വീടിന് 70 മീറ്റര്‍ അടുത്തുള്ള കടവില്‍ വീണ ശേഷം ഇവിടേക്ക് ഒഴുകി വന്നതാകാമെന്ന സാധ്യതയും പരിശോധിക്കുന്നു. പള്ളിമണ്‍ ആറിന്റെ പല ഭാഗങ്ങളില്‍ നിന്നു കഴിഞ്ഞ ദിവസം ഫൊറന്‍സിക് വിദഗ്ധര്‍ വെള്ളവും ചെളിയും ശേഖരിച്ചിരുന്നു. ഇതു പരിശോധിച്ചാണു പ്രാഥമിക നിഗമനം.

ഫൊറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും. കുട്ടിയെ കാണാതായ ദിവസം പൊലീസ് നായ തൊട്ടുതാഴത്തെ വീട്ടിലും പിന്നീട് തടയണ മറികടന്ന് ക്ഷേത്രത്തിനു പിന്നില്‍ അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടുമുറ്റത്തും ചെന്നത് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ദേവനന്ദയുടെ ബന്ധുക്കളില്‍ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

ആദ്യം നല്‍കിയ മൊഴിയും പിന്നീട് പറഞ്ഞതും തമ്മിലുള്ള വൈരുധ്യം പരിശോധിക്കാനാണിത്. ബന്ധുക്കളും അയല്‍ക്കാരുമടക്കം അന്‍പതോളം പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. ദേവനന്ദയുടേതു മുങ്ങിമരണമാണെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാല്‍ ആറ്റില്‍ വീഴാനുണ്ടായ സാഹചര്യം കൂടി കണ്ടെത്തേണ്ടതുണ്ട്.

Get real time updates directly on you device, subscribe now.