ദേവനന്ദയെ തട്ടിക്കൊണ്ടുപോയതോ? സംശയം അടുത്ത ബന്ധമുള്ള ഒരാളെ, പൊലീസ് കണ്ണുകള്‍ പിന്നാലെ
കൊല്ലം: ഏഴ് വയസുകാരി ദേവനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതയ്ക്ക് ആക്കം കൂട്ടി കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയാണോ എന്ന സംശയം ബലപ്പെടുന്നു. വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്.
ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്.