ഒരാഴ്ച ഡ്യൂട്ടി,​ ഒരാഴ്ച വിശ്രമം,​ രണ്ടര മാസമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കാസര്‍കോട് പൊലീസുകാര്‍ക്ക് ആശ്വാസം,​ ഡി.ജി.പി ഉത്തരവ് പുറത്തിറക്കി

0 397

ഒരാഴ്ച ഡ്യൂട്ടി,​ ഒരാഴ്ച വിശ്രമം,​ രണ്ടര മാസമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കാസര്‍കോട് പൊലീസുകാര്‍ക്ക് ആശ്വാസം,​ ഡി.ജി.പി ഉത്തരവ് പുറത്തിറക്കി

കാസര്‍കോട്: രണ്ടര മാസമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈത്താങ്ങായി ഡി.ജി.പിയുടെ ഉത്തരവ്. ഒരാഴ്ച ഡ്യൂട്ടി,​ ഒരാഴ്ച വിശ്രമം എന്ന സമ്ബ്രദായം കാസര്‍കോടും നടപ്പാക്കി. സ്റ്റേഷനുകളില്‍ ഡ്യൂട്ടി എടുക്കുന്ന പൊലീസുകാരുടെ എണ്ണം പകുതിയായി കുറക്കാനും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ദിവസമാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വയനാട്ടിലടക്കം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെ ഭൂരിഭാഗം സേനാംഗങ്ങള്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടി വന്ന സാഹചര്യം ഉണ്ടായതോടെയാണ് പൊലീസിന്റെ പ്രവര്‍ത്തനം താറുമാറാകാതിരിക്കാന്‍ ഒരാഴ്ച ജോലി ഒരാഴ്ച വിശ്രമം എന്ന തീരുമാനത്തിലെത്താന്‍ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചത്.
ക്രമസമാധാനപാലന ഡ്യുട്ടി എടുക്കുന്ന എസ്.ഐമാര്‍ക്ക് ഒരാഴ്ചയും ക്രൈം എസ്.ഐക്ക് അടുത്ത ആഴ്ചയും ഡ്യൂട്ടി നല്‍കണമെന്നാണ് ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നത്. കൊവിഡിന്റെ തുടക്കത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും വ്യക്തമായ കാരണമില്ലാതെ ലീവ് നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശമാണ് മേലധികാരികള്‍ നല്‍കിയിരുന്നത്. നിരന്തരമായ ജോലികാരണം പലവിധ മാനസിക പ്രയാസത്തിലായിരുന്ന, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ തീരുമാനം ഏറെ ആഹ്‌ളാദം പകരുന്നതാണ്.

മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിലധികം ലീവ് ലഭിച്ചുകൊണ്ടിരുന്നപ്പോഴാണ് പൊലീസ് സേനാംഗങ്ങള്‍ ഊണും ഉറക്കവും ഒഴിഞ്ഞ് ജോലി ചെയ്ത് കൊണ്ടിരുന്നത്. ഇപ്പോള്‍ ട്രൈയിനിംഗ് ക്യാമ്ബില്‍ ഉണ്ടായിരുന്നവരെ പോലും ട്രെയിനിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച്‌ വിവിധ സ്റ്റേഷനുകളില്‍ താത്കാലികമായി ഡ്യൂട്ടിക്ക് നിര്‍ത്തിയിരുന്നു. ആവശ്യത്തിന് പൊലീസ് ഫോഴ്‌സ് ഇല്ലാത്തത് കൊണ്ട് കൊവിഡിന് മുമ്ബ് പോലും കൃത്യമായ അവധി പൊലീസ് സേനാംഗങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം എന്ന പോലീസുകാരുടെ ആവശ്യം ഇതുവരെ നടപ്പാക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടില്ലെന്നതും മറ്റൊരു വിരോധാഭാസമായി നില്‍ക്കുകയാണ്. ഒരാഴ്ച വിശ്രമം ലഭിക്കുമെന്നത് കൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബാംഗങ്ങളോടൊത്ത് കഴിയാന്‍ കൂടുതല്‍ സമയം ലഭിക്കുകയും ഉന്മേഷം വര്‍ദ്ധിക്കുകയും ചെയ്യും