അടിയന്തരമായി 2 ലക്ഷം രൂപ നല്‍കും. ബാക്കി ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. അടിയന്തരമായി 2 ലക്ഷം രൂപ നല്‍കും. ബാക്കി ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ കാര്യത്തില്‍ ചികിത്സയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണന. ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുപ്പൂര്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് 19 പേരാണ് മരിച്ചത്. ബംഗലൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ 16 മലയാളികളെയും രണ്ട് കര്‍ണാടക സ്വദേശികളെയും തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
സേലം – കോയമ്പത്തൂര്‍ ഹൈവേയിലെ അവിനാശിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന കണ്ടെയ്നര്‍ ലോറി ടയര്‍ പൊട്ടി റോഡിലെ ഡിവൈഡര്‍ മറികടന്ന് ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ വലതുഭാഗം നിശ്ശേഷം ഇല്ലാതായി. നാട്ടുകാരും പൊലീസും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെയും മരിച്ചവരെയും പുറത്തെടുക്കാനായത്.
48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിലെ ഡ്രൈവർ കം കണ്ടക്ടര്‍മാരായ പെരുമ്പാവൂർ സ്വദേശി ഗിരീഷ്, പിറവം വെളിയനാട് സ്വദേശി ബൈജു എന്നിവരും തത്ക്ഷണം മരിച്ചു. എന്നാല്‍ ലോറി ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.