ദേശീയ വിര വിമുക്ത ദിനം: ഫെബ്രുവരി 25ന് വിര ഗുളിക നല്‍കും

0 42

 

 

കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച്‌ കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി 25ന് വിരഗുളിക നല്‍കും. ദിനാചരണത്തിന്റെ ഭാഗമായി ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ അല്‍ബന്‍ഡസോള്‍ ഗുളികയാണ് നല്‍കുക. ഫെബ്രുവരി 25ന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ മാര്‍ച്ച്‌ മൂന്നിന് ഗുളിക കഴിക്കണം.

ഒരു വയസ്സിനും രണ്ട് വയസ്സിനും മദ്ധ്യേ പ്രായമുളള കുട്ടികള്‍ക്ക് പകുതി ഗുളികയും രണ്ട് വയസ്സ് മുതല്‍ 19 വയസ്സ് വരെയുളള കുട്ടികള്‍ ഒരു മുഴുവന്‍ ഗുളികയുമാണ് കഴിക്കേണ്ടത്. സ്‌കൂളിലും അങ്കണവാടികളിലും പോകാത്ത ഒന്നിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് ആശ പ്രവര്‍ത്തകര്‍ അങ്കണവാടിയില്‍ നിന്നും ഗുളികകള്‍ നല്‍കും.
എല്ലാ അങ്കണവാടികളിലും പ്ലേ സ്‌കൂളുകളിലും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും ഗുളികകള്‍ നല്‍കും. വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്.

Get real time updates directly on you device, subscribe now.