തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങള്‍ക്കിരയാകുന്നവരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ പ്രത്യേക ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. 90 കോടി രൂപ ചെലവില്‍ ഏഴ് ജില്ലകളിലായി ശരാശരി 1000 പേര്‍ക്കു താമസിക്കാവുന്ന 14 കേന്ദ്രങ്ങളുടെ നിര്‍മ്മാണം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നടന്നു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇവയില്‍ മൂന്ന് കേന്ദ്രങ്ങള്‍ ജൂണ്‍ മാസത്തിനു മുമ്ബ് തന്നെ പ്രവര്‍ത്തനസജ്ജമാകും. അടിയന്തിരഘട്ടങ്ങളില്‍ സ്കൂളുകളിലും മറ്റും ക്യാമ്ബുകള്‍ ഒരുക്കുന്നതിനാവശ്യമായ ബുദ്ധിമുട്ടുകളും കാലതാമസവും ഇതുവഴി ഒഴിവാക്കാന്‍ സാധിക്കും. മൂന്ന് നിലകളുള്ള കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസസൗകര്യങ്ങളും പൊതു അടുക്കള, ജനറേറ്റര്‍ എന്നിവയുമുണ്ടാകും. സര്‍ക്കാര്‍ ഭൂമിയില്‍ വരുന്ന കേന്ദ്രങ്ങള്‍ ഇന്‍ഡോര്‍ ഗെയിം പരിശീലന കേന്ദ്രം, വനിതകളുടെ ജിംനേഷ്യം, കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാനുള്ള ഹാള്‍ എന്നിങ്ങനെ ഉള്ള സംവിധാനങ്ങള്‍ക്ക് ഉപയോഗിക്കാം.
ദുരന്ത സാഹചര്യത്തില്‍ ഉടന്‍ ഒഴിവാക്കി ദുരിതാശ്വാസ കേന്ദ്രമാക്കുവാന്‍ സാധിക്കും. ഈ കേന്ദ്രങ്ങള്‍ മുഖേന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അതാതു മേഖലകളിലെ നാട്ടുകാര്‍ക്ക് പരിശീലനം നല്‍കി നാല് തരം എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ സജ്ജീകരിക്കുന്ന പ്രവര്‍ത്തനവും നടന്ന് വരുന്നു.
ഷെല്‍റ്റര്‍ മാനേജ്മെന്റ്, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും, പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് എന്നിവയെ അടിസ്ഥാനമാക്കി നാല് സംഘങ്ങളെ ആണ് പരിശീലിപ്പിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്നിസുരക്ഷാ വകുപ്പ് എന്നിവര്‍ ഇതിനാവശ്യമായ പരിശീലനം നല്‍കി വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.