ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ ക്രമക്കേട്: കളക്‌ട്രേറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍

0 115

 

 

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ജില്ലാ കളക്‌ട്രേറ്റിലെ ജീവനക്കാരന്‍ വിഷ്ണുപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സിവില്‍ സ്റ്റേഷനിലെ സെക്ഷന്‍ ഓഫീസറായിരുന്ന വിഷ്ണുപ്രസാദിനെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ദുരിതാശ്വാസ ഫണ്ടില്‍ പത്തര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി . കേസില്‍ സി പി എം തൃക്കാക്കരലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അന്‍വറും സഹായി മഹേഷും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തത് .

എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയം​ഗം എം എം അന്‍വറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. ജനുവരി 24 നാണ് അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ അവസാന ​ഗഡു എത്തിയത്. ആകെ കിട്ടിയ 10,54,000 രൂപയില്‍ നിന്ന് അന്‍വര്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചിരുന്നു . സംഭവം വിവാദമായതോടെ ജില്ലാ കളക്ട‌ര്‍ പണം തിരിച്ചു പിടിക്കുകയും ചെയ്തു .

പ്രളയം ബാധിക്കാത്ത നിലംപതിഞ്ഞ മുകളില്‍ എങ്ങനെയാണ് അന്‍വറിന് പ്രളയ ധനസാഹയം കിട്ടുന്നതെന്ന് സംശയം തോന്നിയ സഹകരണ ബാങ്ക് അധികൃതര്‍, ജില്ലാ കളക്ടടറെ സമീപിച്ചു . തുക അനധികൃതമായി അനുവദിച്ചതാണെന്ന് പിന്നീട് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി . ഇതോടെയാണ് പണം അടിയന്തരമായി തിരിച്ചുപിടിക്കാന്‍ ബാങ്കിന് കളക്ടര്‍ നിര്‍‍ദ്ദേശം നല്‍കിയത്. തൃക്കാക്കര ഈസ്റ്റ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു അന്‍വര്‍. ഇയാളെ പാര്‍ട്ടി പിന്നീട് സസ്പെന്റ് ചെയ്തിരുന്നു