മേപ്പാടിയിൽ ഇനി ഡിജിറ്റൽ കുടിവെള്ള വിതരണം

0 128

മേപ്പാടിയിൽ ഇനി ഡിജിറ്റൽ കുടിവെള്ള വിതരണം

മേപ്പാടി ഗ്രാമ പഞ്ചായത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കുടിവെള്ള വിതരണത്തിന് തുടക്കമായി. പദ്ധതി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. സഹദ് ഉദ്ഘാടനം ചെയ്തു. കുടിവെള്ള വിതരണത്തിൻ്റെ അപാകതകൾ പരിഹരിച്ച് ജലം സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ വാട്ടർ സപ്ലൈ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായി സങ്കേതിക വിദ്യയുടെ സഹായത്തോടെ കുടിവെള്ള വിതരണം നടത്തുന്ന ആദ്യ പഞ്ചായത്താണ് മേപ്പാടി.

കുടിവെള്ള ചോർച്ച, അമിതമായ ഉപയോഗം, വിതരണ സമയം, ഓപ്പറേറ്ററുടെ അഭാവം, അനുചിതമായ ബില്ലിംഗ് എന്നീ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ പദ്ധതിയിലൂടെ സാധിക്കും. ഉപയോഗത്തിന് അനുസരിച്ചുള്ള തുക മാത്രമേ ഈടാക്കുകയുള്ളു. പൂർണ്ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ വെള്ളം ആവശ്യാനുസരണം ചോദിച്ചു വാങ്ങാനും കുറച്ചു ദിവസം വെള്ളം ആവശ്യമില്ലെങ്കിൽ കണക്ഷൻ നിർത്തലാക്കാനും വെബ് അപ്ലിക്കേഷൻ വഴി ഉപഭോക്താവിന് സാധിക്കും. വെള്ളത്തിൻ്റെ തുക ഓൺലൈനായോ അല്ലാതെയോ ഉപഭോക്താക്കൾക്ക് അടക്കാവുന്നതാണ്. തുക അടക്കാത്തവരുടെ കണക്ഷൻ ഓഫീസിൽ നിന്ന് തന്നെ നിർത്തലാക്കാൻ സാധിക്കും. ആയതിനാൽ കൃത്യമായ ബില്ല് കളക്ഷൻ നടക്കുകയും കുടിവെള്ള പദ്ധതി ലാഭകരമാവുകയും ചെയ്യും.

മേപ്പാടി പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ സുലൈമാൻ, ചന്ദ്രൻ, അബ്ദുൾ സലാം, എം.സി ഗ്രേഡ് ഇൻഫോടെക് പ്രതിനിധികളായ മുഹമ്മദ് മുനാസിൽ, ഫിദൽ ലാൽ തുടങ്ങിയവർ പങ്കെടുത്തു.